1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി: കുമ്മനം

ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണെന്നും കുമ്മനം
1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി: കുമ്മനം

എടപ്പാള്‍: മലബാര്‍ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചേകനൂര്‍ മൗലവിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു 1921ല്‍ നടന്നതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതുമെന്ന് വ്യക്തമാക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. അന്നത്തെ അവസ്ഥയെ മഹാകവി കുമാരനാശാന്‍ ദുരവസ്ഥയിലൂടെ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉള്‍പ്പടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്‍മാരും സര്‍ക്കാരും തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു. 

2019 ല്‍ ഖിലാഫത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com