അബ്രാഹ്മണ ശാന്തിമാര്‍: പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

അബ്രാഹ്മണ ശാന്തിമാര്‍: പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കേരളത്തിന്റെ നടപടി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അബ്രാഹ്മണരെ ശാന്തിമാരാക്കുന്നതിനെതിരെ ബ്രാഹമണ സംഘടനകളില്‍നിന്ന് എതിര്‍പ്പും ഉയരുന്നുണ്ട്.

ചെന്നൈ: ദലിതര്‍ ഉള്‍പ്പെടെ അബ്രാഹമണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി നിയമിക്കാനുള്ള തീരുമാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി നടന്‍ കമല്‍ഹാസന്‍. ബ്രാവോ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്, സല്യൂട്ട് ടു കേരള സിഎം പിണറായി വിജയന്‍ എന്നാണ് നടപടിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍ ട്വീറ്റ ചെയ്തത്. 

കേരളത്തിന്റെ നടപടിയിലൂടെ പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കരുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നടപടിയെ അഭിനന്ദിച്ച് നേരത്തെ ഡിഎംകെ നേതാവ് സ്റ്റാലിനും രംഗത്തുവന്നിരുന്നു. കേരള നടപടി തമിഴ്‌നാട് മാതൃകയാക്കണം എന്നായിരുന്നു സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതില്‍ ആറുപേര്‍ ദളിത് വിഭാഗത്തില്‍പെടുന്നവരാണ്. പിഎസ്‌സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. 

മെറിറ്റ് പട്ടികയും സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തത്. മുന്നാക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.

പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറുപേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്. രണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തില്‍ പെട്ട മൂന്നുപേരാണ് ആന പാപ്പാന്‍ മെറിറ്റ് പട്ടികയിലുള്ളത്.

കേരളത്തിന്റെ നടപടി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അബ്രാഹ്മണരെ ശാന്തിമാരാക്കുന്നതിനെതിരെ ബ്രാഹമണ സംഘടനകളില്‍നിന്ന് എതിര്‍പ്പും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com