മന്ത്രി മണിയുടെ സഹോദരന്റെ മരണം; ദുരൂഹത പൊലീസ് അന്വേഷിക്കുന്നു

കാണാതായതിനു പിറ്റേന്ന് പാതയോരത്ത് അവശ നിലയിലാണ് മണിയുടെ സഹോദരന്‍ കുഞ്ചിത്തണ്ണി കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടയ്ക്കല്‍ സനകനെ കണ്ടെത്തിയത്
മന്ത്രി മണിയുടെ സഹോദരന്റെ മരണം; ദുരൂഹത പൊലീസ് അന്വേഷിക്കുന്നു

അടിമാലി: രണ്ടു ദിവസം മുമ്പ് കാണാതായ മന്ത്രി എംഎ മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കാണാതായതിനു പിറ്റേന്ന് പാതയോരത്ത് അവശ നിലയിലാണ് മണിയുടെ സഹോദരന്‍ കുഞ്ചിത്തണ്ണി കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടയ്ക്കല്‍ സനകനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 56 വയസായിരുന്നു. 

വെള്ളിയാഴ്ച മകളുടെ വീട്ടില്‍പ്പോയി മടങ്ങിവരുന്ന വഴി സനകനും ഭാര്യ സുഭദ്രയും അടിമാലിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയിരുന്നു. ഇവിടെ വച്ചാണ് സനകനെ കാണാതായത്. പിറ്റേ ദിവസം ഉച്ചയ്ക്ക് വെള്ളത്തൂവലിനു സമീപം കുത്തുപാറയില്‍ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളത്തൂവലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അടിമാലിയില്‍ നിന്നു കാണാതായ സഹോദരനെ കുത്തുപാറയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ മന്ത്രി മണി പൊലീസിനു നിര്‍ദേശം നല്‍കി. അസ്വാഭാവിക മരണത്തിനു കേസെടുത്ത വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് സനകന്റെ മരണത്തിലേക്കു നയിച്ചത് എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. 

കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ തറവാട്ടിലാണ് സനകന്‍ മുന്‍പ് താമസിച്ചിരുന്നത്. ഒരു മാസം മുന്‍പ് അടിമാലിക്കു സമീപം പത്താംമൈല്‍ എന്ന സ്ഥലത്തെ വാടക വീട്ടിലേക്കു മാറി. കാണാതായ സനകനെ പലയിടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com