ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കും: ഉമ്മന്‍ചാണ്ടി

ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേതെന്നും ഉമ്മന്‍ചാണ്ടി
ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍പും ഇപ്പോഴും ഈ കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ഭയവുമില്ല. ഭരണപരമായി ഒരടിപോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും എതിരായി നടത്തുന്ന രാഷ്ട്രീയനീക്കമാണ് ഇപ്പോഴത്തേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസില്‍ ഒരിക്കലും പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴത്തേതുപോലെതന്നെ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫ് നേതാക്കള്‍ക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കൂടുതല്‍ ശ്ക്തമായി മുന്നോട്ട് പോകാന്‍ യുഡിഎഫിന് കരുത്ത് പകരുന്നതാണ്. പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത് തികച്ചും തെറ്റായ ഒരു നീക്കമാണ്. ഇതിന് അവര്‍ രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച് എന്തുപറയാനാണ്. രണ്ടുമൂന്നു ദിവസംകൂടി കാത്തിരിക്കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കൈക്കൂലിയോ ലൈംഗികാതിക്രമമോ സംബന്ധിച്ച് തനിക്കെതിരായി ഒരു സാക്ഷിയോ തെളിവോ ഇല്ല. തനിക്കെതിരായി കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയവരെല്ലാം നിക്ഷിപ്ത താത്പര്യമുള്ളവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നാളെ ഡല്‍ഹിയില്‍ എത്തുന്ന ഉമ്മന്‍ചാണ്ടി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com