എംഎല്‍എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പിടൂ; സര്‍വകക്ഷി സംഘത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സര്‍ക്കാര്‍ കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. നിങ്ങള്‍ അതെല്ലാം നടപ്പാക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി
എംഎല്‍എയും മേയറുമെല്ലാം പോയി കൊച്ചിയില്‍ പൈപ്പിടൂ; സര്‍വകക്ഷി സംഘത്തിന് മുഖ്യമന്ത്രിയുടെ മറുപടി

എംഎല്‍എയും മേയറുമെല്ലാം കൂടി പോയി വേഗത്തില്‍ കൊച്ചിയില്‍ പൈപ്പിടു. സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിക്കാന്‍ അദാനി കമ്പനിക്ക് സര്‍ക്കാര്‍ അനുവദിച്ച നിരക്കിളവിനെതിരെ മുഖ്യമന്ത്രിയെ കാണാനെത്തിയ സര്‍വകക്ഷി സംഘത്തോടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മറുപടി. 

മേയറുടേയും, ഹൈബി ഈഡന്‍ എംഎല്‍എയുടേയും നേതൃത്വത്തില്‍ പോയ സര്‍വകക്ഷി സംഘത്തെ കാര്യങ്ങള്‍ പറയാന്‍ പോലും അനുവദിക്കാതെ മുഖ്യമന്ത്രി തിരികെ അയക്കുകയായിരുന്നു എന്നാണ് ആരോപണം. 

ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് താന്‍ സമയം അനുവദിച്ചിട്ടില്ലല്ലോ എന്നായിരുന്നു സര്‍വകക്ഷി സംഘം മുന്നിലെത്തിയപ്പോള്‍ മുഖ്യന്റെ നിലപാട്. എന്നാല്‍ നേരത്തെ അനുമതി നല്‍കിയിരുന്ന കാര്യം സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. മേയര്‍ സൗമിനി ജെയിന്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ നോക്കിക്കോളും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

സൗമിനി ജെയിനിന് പിന്നാലെ ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അനുവദിച്ചില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. നിങ്ങള്‍ അതെല്ലാം നടപ്പാക്കിയാല്‍ മതിയെന്ന് ചര്‍ച്ചയ്ക്ക് തയ്യാറാവാതെ മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞപ്പോള്‍, ജനങ്ങളുടെ ആശങ്ക ഇതിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞെങ്കിലും കേള്‍ക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. 

ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാവാതിരുന്നതോടെ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ട് പുറത്തേക്കെത്തി. 

അദാനിയുടെ സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിക്കുമ്പോള്‍, റോഡിന്റെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് നിരക്ക്‌ ഈടാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. കോര്‍പ്പറേഷന്‍ ഉത്തരവുമായി തട്ടിച്ചു നോക്കുമ്പോള്‍ കനത്ത നഷ്ടമാണ് നഗരസഭയ്ക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. 

അദാനി കമ്പനിക്ക് ഇളവ് അനുവദിക്കുന്നതിന് എതിരായ നിലപാടാണ് ജില്ലയിലെ സിപിഎം നേതൃത്വം സ്വീകരിച്ചിരുന്നതെങ്കിലും, മുഖ്യമന്ത്രി ഇളവ് പിന്‍വലിക്കില്ലെന്ന് ഉറപ്പിച്ചതോടെ സിപിഎം നേതൃത്വത്തിനും നിലപാട് മാറ്റേണ്ടി വന്നു. എന്നാല്‍ അദാനിക്ക് നിരക്കിളവ് അനുവദിച്ച നടപടി ശരിയല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com