ജനരക്ഷാ യാത്ര ജനങ്ങള്‍ക്കു ശിക്ഷയായി; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

കൊച്ചി നഗരത്തിലെ ഗതാഗതം തടസ്സപ്പെടുത്തിയതിന് ബിജെപി നേതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു
ജനരക്ഷാ യാത്ര ജനങ്ങള്‍ക്കു ശിക്ഷയായി; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ജനരക്ഷായാത്രയുടെ പേരില്‍ കൊച്ചി നഗരത്തിലെ ഗതാഗതം തടസ്സപ്പെടുത്തിയതിന് ബിജെപി നേതാക്കളുടെ പേരില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. 

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരാക്ഷാ യാത്ര കൊച്ചി നഗരത്തില്‍ എത്തിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നഗരം സ്തംഭിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വന്‍ ഗതാഗതക്കുരുക്ക് നഗരത്തില്‍ രൂപപ്പെടുകയും ബസ് ഉള്‍പ്പെടെ ഒരു വാഹനങ്ങള്‍ക്കും നീങ്ങാനാവാതെ വരികയും ചെയ്തു. കേന്ദ്രമന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയാണ് ജനങ്ങള്‍ക്ക് ശിക്ഷയായത്.

യാത്ര വൈകിട്ട് നഗരത്തില്‍ എത്തുംമുമ്പുതന്നെ ഗതാഗതക്കുരുക്കു രൂപപ്പെട്ടിരുന്നു. ബാനര്‍ജി റോഡിലെ ഗതാഗതം തടസ്സപ്പെടുത്തരുതെന്നു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എ്ന്നാല്‍ ഇതു പാലിക്കപ്പെട്ടില്ല. നഗരത്തിലാകെ ഗതാഗതം രണ്ടുമണിക്കൂറോളമാണ്  നിശ്ചലമായത്. റോഡിലെ ഒരുവശത്തെ യാത്ര പൂര്‍ണമായും തടസ്സപ്പെടുത്തിയാണ് യാത്ര കടന്നുപോയത്. ഒരു വശത്തേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. 

കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന 42 സ്വകാര്യ സര്‍ക്കുലര്‍ ബസുകള്‍ക്കും രണ്ടുമണിക്കൂറോളം നഷ്ടപ്പെട്ടു. വൈറ്റിലയില്‍നിന്ന് പാലാരിവട്ടത്തെത്താന്‍ രണ്ടുമണിക്കൂര്‍വരെ വേണ്ടിവന്നു. പല ബസുകള്‍ക്കും ട്രിപ്പ് നഷ്ടപ്പെട്ടു. നഗരത്തില്‍ 630 സിറ്റിസര്‍വീസാണുള്ളത്. ഇവയെയെല്ലാം കുരുക്ക് കാര്യമായി ബാധിച്ചു. അമ്പതോളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് രണ്ട് ട്രിപ്പ്വീതം നഷ്ടപ്പെട്ടു. ഇതുവഴി 50,000 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. 

പ്രധാന റോഡുകളില്‍ ഗതാഗതം മുടങ്ങിയപ്പോള്‍ കുരുക്ക് ചെറുറോഡുകളിലേക്ക് വ്യാപിച്ചു. പൂക്കാരന്‍മുക്ക്, ടിഡി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ കുരുക്ക് ഇങ്ങനെയുണ്ടായതാണ്. യാത്രകഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണ് നഗരത്തിലെ ഗതാഗതം സാധാരണഗതിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com