31 മതംമാറ്റങ്ങളില്‍ ഇസ്ലാമിക സംഘടനകള്‍ക്കു പങ്ക്; സത്യസരണിയെക്കുറിച്ച് അന്വേഷിക്കുമെന്നും എന്‍ഐഎ

നിമിഷ, മെര്‍ലിന്‍ എന്നിവരുടെ മതംമാറ്റത്തില്‍ സാകിര്‍ നായിക്കിന്റെ സംഘടനയുമായി ബന്ധപ്പെട്ട ആളുകളുടെ പങ്ക് വ്യക്തമാണ്. 
31 മതംമാറ്റങ്ങളില്‍ ഇസ്ലാമിക സംഘടനകള്‍ക്കു പങ്ക്; സത്യസരണിയെക്കുറിച്ച് അന്വേഷിക്കുമെന്നും എന്‍ഐഎ

കൊച്ചി: കേരളത്തില്‍ സമീപകാലത്തു നടന്ന 31 നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളില്‍ ഇസ്ലാമിക സംഘടനകള്‍ക്കു പങ്കുള്ളതായി സംശയമുണ്ടെന്ന് എന്‍ഐഎ. കേരളത്തിലും മുംബൈയിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഈ മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാനത്തു നടന്ന 89 നിര്‍ബന്ധിത മതപരിവര്‍ത്ത വിവരങ്ങള്‍ എന്‍ഐഎ പരിശോധിച്ചുവരികയാണെന്നും ഹാദിയ കേസിന്റെ ഭാഗമായി ഇവയും അന്വേഷിക്കുമെന്നും എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഐഎ വിപുലമായ അന്വേഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് നിര്‍ബന്ധിതമെന്നു കരുതുന്ന 89 മതപരിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നത്. ഇവയില്‍ സംഘടനകള്‍ക്കു പങ്കുണ്ടന്നു സംശയിക്കുന്ന 31 കേസുകള്‍ എന്‍ഐഎ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്കു പോയെന്നു കരുതുന്ന മൂന്നു പെണ്‍കുട്ടികളുടെ മതംമാറ്റം ഉള്‍പ്പെടെയാണിത്. 

ഹാദിയ കേസില്‍ സുപ്രിം കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം നടത്തുന്നതെങ്കിലും സംസ്ഥാനത്ത് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇസ്ലാമിലേക്കു മാറ്റാന്‍ സംഘടിതമായ ശ്രമം നടക്കുന്നുണ്ടോ എന്ന കാര്യം ഏജന്‍സി പരിശോധിക്കും. കേരളത്തില്‍ നടന്ന ചില മതമാറ്റങ്ങളില്‍ മുംബൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന, സാകിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുള്ളയാളുകളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. നിമിഷ, മെര്‍ലിന്‍ എന്നിവരുടെ മതംമാറ്റത്തില്‍ സാകിര്‍ നായിക്കിന്റെ സംഘടനയുമായി ബന്ധപ്പെട്ട ആളുകളുടെ പങ്ക് വ്യക്തമാണ്. 

മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണിയെക്കുറിച്ചും എന്‍ഐഎ വിശദമായ പരിശോധന നടത്തും. കേരള പൊലീസ് രജിസ്റ്റര്‍ ചെയത് ഒട്ടേറെ മതംമാറ്റ കേസുകളുമായി ബന്ധപ്പെട്ട് സത്യസരണിയുടെ പേര് ഉയര്‍ന്നുവരുന്നുണ്ട്. മതംമാറ്റപ്പെട്ട പല പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ സത്യസരണിക്ക് അതിലുള്ള പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. സത്യസരണിയുടെ പ്രവര്‍ത്തനം, ബന്ധപ്പെട്ട ആളുകള്‍, ഫണ്ട് ലഭിക്കുന്ന വഴി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com