ഇനിമുതല്‍ പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് എടുക്കാം

പോസ്റ്റ് ഓഫിസുകളില്‍ ആരംഭിക്കുന്ന പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിലെയും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസിലെ ജീവനക്കാരുമായിരിക്കും നിയന്ത്രിക്കുക.
ഇനിമുതല്‍ പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് എടുക്കാം

തിരുവനന്തപുരം: പോസ്റ്റ് ഓഫിസുകള്‍ വഴി ഇനിമുതല്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കി. ഇനി ജില്ല ഹെഡ് പോസ്റ്റ് ഓഫിസുകള്‍ വഴിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരഞ്ഞടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴിയും പാസ്‌പോര്‍ട്ട് എടുക്കാന്‍ കഴിയും. നിലവില്‍ സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ വഴിയും ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വിസിന്റെ (ടിസിഎസ്) വിവിധ ബ്രാഞ്ച് ഓഫിസുകള്‍ വഴിയുമാണ് പാസ്‌പോര്‍ട്ട് എടുക്കാന്‍ സാധിച്ചിരുന്നത്. പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്‌പോര്‍ട്ട് എടുക്കാനുള്ള സംവിധാനം വരുന്നത് സാധാരണക്കാര്‍ക്ക് എറെ ഗുണകരമാകും. 

ആദ്യപടിയെന്ന നിലക്ക് കാസര്‍കോട്ടെയും പത്തനംതിട്ടയിലെയും പോസ്റ്റ് ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും താമസിയാതെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സീനിയര്‍ സൂപ്രണ്ട് മോഹന്‍ദാസ് പറഞ്ഞു. പാസ്‌പോര്‍ട്ട് എടുക്കാന്‍ എത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി വര്‍ധിച്ചതോടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓഫിസുകളുള്ള പൊതുമേഖല സ്ഥാപനമായ തപാല്‍വകുപ്പിനെ ഈ ദൗത്യം ഏല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 

പോസ്റ്റ് ഓഫിസുകളില്‍ ആരംഭിക്കുന്ന പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ ജീവനക്കാരും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസിലെ ജീവനക്കാരുമായിരിക്കും നിയന്ത്രിക്കുക. തുടര്‍ന്ന് പോസ്റ്റ് ഓഫിസിലെ ജീവനക്കാര്‍ക്ക് സാങ്കേതിക പരിജ്ഞാനം ലഭിച്ചു കഴിഞ്ഞാല്‍ ഇതിന്റെ നിയന്ത്രണം പൂര്‍ണമായും പോസ്റ്റല്‍ വകുപ്പിന്റെ കീഴിലാകും. 

പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കല്‍, അപേക്ഷ ഫോമുകളുടെ പരിശോധന, വിരലടയാളം എടുക്കല്‍, ഫോട്ടോ എടുക്കല്‍, ഫീസ് ഈടാക്കല്‍ എന്നിവയാണ് പുതിയ കേന്ദ്രങ്ങളില്‍ നടക്കുക. തുടര്‍ന്ന് റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍നിന്ന് ലോക്കല്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ് റിപ്പോര്‍ട്ടുകള്‍ എത്തുന്നതിനനുസരിച്ച് ഉടമസ്ഥന് എത്തിക്കും. ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ കിട്ടുന്ന തീയതിയില്‍ ആവശ്യമായ രേഖകളുമായാണ് പോസ്റ്റ് ഓഫിസുകളില്‍ എത്തേണ്ടത്. 

കര്‍ശനപരിശോധനകള്‍ ആവശ്യമായുള്ള പാസ്‌പോര്‍ട്ട് മേഖലയില്‍നിന്ന് പൂര്‍ണമായും സ്വകാര്യ ഏജന്‍സിയെ ഒഴിവാക്കി പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ കൊണ്ടുവരുകയെന്നതാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com