സമരസപ്പെടലുകളല്ല ,സമരങ്ങളാണ് വിദ്യാര്‍ത്ഥികളുടെ വഴി; ഹൈക്കോടതി നിരീക്ഷണത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍

ജനാധിപത്യം എന്താണെന്നത് കോടതിയ്ക്ക് വിദ്യാര്‍ത്ഥികള്‍ പഠിപ്പിച്ചു കൊടുക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണ്
സമരസപ്പെടലുകളല്ല ,സമരങ്ങളാണ് വിദ്യാര്‍ത്ഥികളുടെ വഴി; ഹൈക്കോടതി നിരീക്ഷണത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍

കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന  ഹൈക്കോടതി നിരീക്ഷണത്തിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍. സമരം ചെയ്യുന്നവരെ കോളജില്‍ നിന്നും പുറത്താക്കണമെന്നും സമരം ചെയ്യാനല്ല, പഠിക്കാനാണ് വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളില്‍ എത്തുന്നത് എന്നുമായിരുന്നു ഹൈക്കോടതി പരാമര്‍ശം. 

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണം എന്നാവശ്യപ്പെട്ട് പൊന്നാനി എംഇഎസ്‌ കോളജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. നിരീക്ഷണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 

ജനാധിപത്യം എന്താണെന്നത് കോടതിയ്ക്ക് വിദ്യാര്‍ത്ഥികള്‍ പഠിപ്പിച്ചു കൊടുക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ ജെ.അരുണ്‍ബാബു സമകാലിക മലയാളത്തോട്‌ പ്രതികരിച്ചു. 

സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരരെ വളര്‍ത്തിയെടുക്കുന്നതില്‍ കലാലയ രാഷ്ട്രീയം ചെറിയ സംഭാവനയല്ല നല്‍കുന്നത് എന്ന് ബഹുമാനപ്പെട്ട കോടതി മറന്നുപോയി. ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചാല്‍ ഇനിയും ജിഷ്ണു പ്രണോയിമാരുണ്ടാകും ഇനിയും രജനിമാരുണ്ടാകും.അത്തരം ക്യാമ്പസുകളാണോ കോടതി സ്വപ്‌നം കാണുന്നത്? ഒരു രാഷ്ട്രീയ ബോധവുമില്ലാത്ത, അരാജകവാദികളായ ഭാവി പൗരരാണ് ഇന്ത്യാ മഹാരാജ്യത്ത് വേണ്ടത് എന്നാണോ നീതിപീഠത്തിന്റെ തീരുമാനം? 

മാനേജുമെന്റുകള്‍ നടത്തുന്ന ഇടിയറകളല്ല നമുക്ക് വേണ്ടത്, സര്‍ഗാത്മക രാഷ്ട്രീയം വെച്ചുപുലര്‍ത്തുന്ന സമത്വസുന്ദര കലാലയങ്ങളാണ്. അതിനുവേണ്ടിയാണ് എഐഎസ്എഫ് നിലകൊള്ളുന്നത്. ഒരിക്കലും സ്വാശ്രയ മാനേജുമെന്റുകള്‍കള്‍ക്ക് മുന്നില്‍ കേരളത്തിന്റെ സമരകലുഷിത യൗവനങ്ങളെ നട്ടെല്ലൊടിച്ചു നിര്‍ത്താന്‍ എഐഎസ്എഫ് സമ്മതിക്കുകയില്ല. അരുണ്‍ ബാബു പറഞ്ഞു. 

ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങള്‍ തന്നെയാണ് സ്‌കൂളുകളിലായാലും കോളജുകളിലായാലും വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്, തീയറികളില്‍ക്കൂടി പഠിച്ചെടുക്കേണ്ടതല്ല രാഷ്ട്രീയം. അതിന് പ്രവര്‍ത്തന സ്വാതന്ത്ര്യം വേണം.അതിന് കൊടി പിടിക്കണം,മുദ്രാവാക്യം വിളിക്കണം. ഇതൊന്നുമില്ലാതെ ഇവിടെയാരും ഒരവകാശവും നേടിയെടുത്തിട്ടില്ല.അരാഷ്ട്രീയവത്കരിച്ച കലാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന യുവാക്കളില്‍ നിന്ന് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ബഹുമാനപ്പെട്ട കോടതി പ്രതീക്ഷിക്കുന്നത്? 

സ്വാതന്ത്ര്യസമര ചരിത്രം മുതലിങ്ങോട്ട് എല്ലാത്തരം സമരങ്ങളിലും മുന്‍പന്തിയില്‍ നിന്നിരുന്നത് ഇവിടുത്തെ വിദ്യാര്‍ത്ഥി സമൂഹമാണ് എന്ന വസ്തുത കോടതി വിസ്മരിക്കുകയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കലാലയ രാഷ്ട്രീയത്തിന് എന്നെന്നേക്കുമായി കൂച്ചുവിലങ്ങിടാനാണ് കോടതി ഉദ്ദേശിക്കുന്നത് എങ്കില്‍ അതിനെതിരെ എഐഎസ്എഫ് ശക്തമായി സമരം ചെയ്യും. സമരസപ്പെടലുകളല്ല, സമരങ്ങളാണ് വിദ്യാര്‍ത്ഥികളുടെ വഴി, അരുണ്‍ ബാബു പറഞ്ഞു. 

ഹൈക്കോടതി വിധി വിദ്യാര്‍ഥികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ് എന്ന് എസ് എഫ് ഐ പ്രസ്താവനയിലൂടെ അറിയിച്ചു.

പൊന്നാനി കോളേജിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വിധി പ്രസ്താവിച്ചതെങ്കിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്ന വിധിയാണിതെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു. 

വിദ്യാര്‍ത്ഥി സമൂഹം ഇന്നനുഭവിക്കുന്ന ഒരോ കാര്യങ്ങളും സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ഇങ്ങനെയൊരു വിധി പ്രസ്താവിക്കുമ്പോള്‍ അത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുക. ഏറ്റവുമൊടുവില്‍ നടന്ന ജിഷ്ണു പ്രണോയി സംഭവത്തെതുടര്‍ന്നുണ്ടായ സമരങ്ങള്‍, ലോ കോളേജിലെ സമരങ്ങള്‍ ഇതെല്ലാം നാം കണ്ടതാണ്.

ഇത്തരം വിധികള്‍ വരുമ്പോള്‍ അത് വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്നതാണ്. വിധി പഠിച്ചശേഷം തുടര്‍ നടപടികളിലേക്ക് കെ.എസ്.യു കടക്കുന്നതാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൃത്യമായി ഇടപെട്ട് വിദ്യാര്‍ത്ഥി രാഷ്ടീയത്തില്‍ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട് എന്നും അഭിജിത്ത് പറഞ്ഞു. 

ഭരണഘടനയുടെ ഏറ്റവും വലിയ സംരക്ഷകര്‍ എന്നു വീമ്പിളക്കുന്ന കോടതികള്‍തന്നെ ഭരണഘടന നല്‍കിയിട്ടുള്ള പൗരന്റെ സംഘടിക്കാനുള്ള അവകാശത്തെ ഹനിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണെന്ന് ഡിഎസ്എയുടെ സംസ്ഥാന സെക്രട്ടറി അനൂജ് പറഞ്ഞു. കോടതിയുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഡിഎസ്എ പറഞ്ഞു.

കോളജില്‍ സമരവും പ്രകടനും പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കോളേജിലക്ക് വരുന്നത് പഠിക്കാനാണ്, അവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ നേടിയെടുക്കാനുണ്ടെങ്കില്‍ അത് സമരത്തിലൂടെയല്ല നേടിയെടുക്കേണ്ടത്, തിന് നിയമപരമായ മാര്‍ഗങ്ങള്‍  തേടണം. സമരം ചെയ്യുന്നത് തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നീതിപൂര്‍വമല്ലെന്ന് ബോധ്യമള്ളതിനാലാണ് സമരം ചെയ്ത് കാര്യങ്ങള്‍ നേടാനുള്ള ശ്രമമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. 

കോളജുകളില്‍ ഇത്തരത്തിലുള്ള സമരം നടക്കുമ്പോള്‍ മാനേജ്‌മെന്റ് പൊലീസിനെ വിവരം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമരപന്തല്‍ പൊളിച്ചുമാറ്റാനുള്ള അധികാരവും അധികൃതര്‍ക്കുണ്ട്.ക്യാംപസിന് സമീപത്തോ ഇത്തരം സമരപന്തലുകളോ സത്യാഗ്രഹമോ പാടില്ലെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യസംവിധാനത്തില്‍ ഇത്തരം സമരങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും ക്യാംപസുകളില്‍. രാഷ്ട്രീയം നടത്താന്‍ വരുന്നവര്‍ പഠനം ഉപേക്ഷിക്കുന്നതാണ് നല്ലത്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക്ക് കൗണ്‍സിലിനെയോ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com