കൊച്ചി: ഒരു എംഎല്‍എ വിചാരിച്ചാല്‍ പോലും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കാലത്ത് നാട്ടിലെ കല്യാണങ്ങളും മരണങ്ങളും കൂടി നടക്കുകയാണ് ഇവിടത്തെ എംഎല്‍എമാരെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യാജദുഃഖവും വ്യാജ സന്തോഷവും അഭിനയിച്ച് കല്യാണവും മരണവും കൂടി നടക്കുകയാണ് എംഎല്‍എമാരെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരാണ് മലയാളികള്‍. എന്നിട്ടും ഹര്‍ത്താലിനെതിരെ ഒരാള്‍ പോലും ശബ്ദമുയര്‍ത്തുന്നില്ല. കേരളത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന ഹര്‍ത്താലുകള്‍ക്കു പകരം മറ്റു സമരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കണം.
വാര്‍ത്താ മാധ്യമങ്ങളേക്കാള്‍ ശക്തമായ കളിയാക്കലുകളുമായി രംഗത്തുള്ളത് സാമൂഹിക മാധ്യമങ്ങളാണ്. കേരളത്തിലെ ഭൂരിഭാഗം ജനത്തിനും വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ മുഴുവന്‍ നേരവും സാമൂഹിക മാധ്യമങ്ങളില്‍ തന്നെയാണെന്ന് കണ്ണന്താനം പറഞ്ഞു.
ഇന്ത്യയില്‍ നല്ലൊരു ശതമാനം പേരും വിദ്യാഭ്യാസവും കക്കൂസും വൈദ്യുതിയും ഇല്ലാതെ ജീവിക്കുന്നവരാണ്. ഇതൊന്നും കേരളീയര്‍ക്കു മനസ്സിലാവില്ലെന്ന വിമര്‍ശനം കണ്ണന്താനം ആവര്‍ത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ