സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിന് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിന് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

കൊല്ലം: ഇന്നലത്തെ യുഡിഎഫ് ഹര്‍ത്താലിനിടയ്ക്ക് വാഹനങ്ങള്‍ തടഞ്ഞതിന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ യു ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നലെയാണ് യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചത്. ഇതിനിടെ ബിന്ദുകൃഷ്ണ വാഹനം തടയുന്നതും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്ന കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ബിന്ദുകൃഷ്ണ യാത്രക്കാരെ തടഞ്ഞത്.

കോടതി നിര്‍ദേശത്തെതുടര്‍ന്ന് ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാഹന ഗതാഗതം തടയുകയോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുണമെന്ന നിര്‍ദേശം പൊലീസിന് നല്‍കിയിരുന്നു. എന്നിട്ടും ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തില്‍ പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com