ദിലീപിന്റെ ചികിത്സാ രേഖകള്‍ വ്യാജമല്ല; ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നുവെന്ന് ഡോക്ടര്‍

ദിലീപിന്റെ ചികിത്സാ രേഖകള്‍ വ്യാജമല്ല; ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നുവെന്ന് ഡോക്ടര്‍

അന്വേഷണ സംഘത്തിനു മുമ്പാകെ ദിലീപ് വ്യാജരേഖ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡോക്ടറുടെ പ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് പൊലീസിനു നല്‍കിയ ചികിത്സാ രേഖകള്‍ വ്യാജമല്ലെന്ന് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍. ദീലിപിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നുവെന്നും ചികിത്സിച്ചത് താനാണന്നും ഡോക്ടര്‍ ഹൈദരലി അറിയിച്ചു. അന്വേഷണ സംഘത്തിനു മുമ്പാകെ ദിലീപ് വ്യാജരേഖ നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡോക്ടറുടെ പ്രതികരണം.

ഫെബ്രുവരി 14 മുതല്‍ 18 വരെ ദിലീപ് തന്റെ കീഴില്‍ ചികിത്സയിലായിരുന്നുവെന്ന് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരലി വ്യക്തമാക്കി. ആശുപത്രി രേഖകളില്‍ ഇക്കാര്യമുണ്ട്. അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപ് വൈകുന്നേരം വീട്ടില്‍ പോവുമായിരുന്നുവെന്ന് ഡോക്ടര്‍ വിശദീകരിച്ചു. നേരത്തെയും ചികിത്സ തേടിയ ഘട്ടങ്ങളില്‍ ദിലീപിന്റെ പതിവ് ഇതായിരുന്നു. അഡ്മിറ്റ് ചെയ്യുന്ന ഘട്ടങ്ങളിലും വൈകുന്നേരം വീട്ടില്‍ പോവുകയായിരുന്നു പതിവ്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതായും ഡോക്ടര്‍ ഹൈദരലി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ചികിത്സയിലായിരുന്നുവെന്ന് ദിലീപ് വ്യാജരേഖയുണ്ടായെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനാണ് ഇതെന്നും ഇക്കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നുx പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡോക്ടറുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com