അബ്രാഹ്മണ ശാന്തിമാര്‍ ക്ഷേത്ര വിശുദ്ധിയെ കളങ്കപ്പെടുത്തും, ദൈവഹിതത്തിന് എതിര്‌; ദേവസ്വം ബോര്‍ഡ് നിയമനത്തിനെതിരെ വീണ്ടും യോഗക്ഷേമ സഭ

അഗമ ശാസ്ത്ര പ്രകാരം വിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനം
അബ്രാഹ്മണ ശാന്തിമാര്‍ ക്ഷേത്ര വിശുദ്ധിയെ കളങ്കപ്പെടുത്തും, ദൈവഹിതത്തിന് എതിര്‌; ദേവസ്വം ബോര്‍ഡ് നിയമനത്തിനെതിരെ വീണ്ടും യോഗക്ഷേമ സഭ

കൊച്ചി: അബ്രഹ്മണരെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ വീണ്ടും യോഗക്ഷേമ സഭ. അബ്രാഹ്മണരെ ശാന്തക്കാരായി നിയമിക്കുന്നത് ക്ഷേത്രങ്ങളുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുമെന്നാണ് യോഗക്ഷേമ സഭ ഉന്നയിക്കുന്ന വാദം. 

പരീക്ഷയും അഭിമുഖവും നടത്തി ശാന്തിക്കാരെ നിയമിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് പിന്നില്‍ വലിയ ക്രമക്കേടുണ്ട്. ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടത്. ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല, ഉപാസനയാണെന്നും യോഗക്ഷേമ സഭ പറയുന്നു. 

ആചാരവിധി പ്രകാരമുള്ള പൂജകളും പ്രതിഷ്ഠകളും നടത്തുന്ന ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് ശാസ്ത്ര വിരുദ്ധ നടപടിയാണ്. ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ദൈവഹിതം അറിയേണ്ടത് അനിവാര്യമാണ്. അഗമ ശാസ്ത്ര പ്രകാരം വിശ്വാസങ്ങള്‍ പിന്തുടരുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനം ഉണ്ടായിരിക്കുന്നത്. ഇത് നീതി നിഷേധവും നിയമവിരുദ്ധവുമാണെന്ന് യോഗക്ഷേമ സഭ ആരോപിക്കുന്നു. 

അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നത് ആദി ശൈവാചാര്യയും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധിയെ ലംഘിക്കലാണ്. ഇതില്‍ യോഗക്ഷേമ സഭ നിയമനടപടി തേടും. ജോലി ലഭിക്കുന്നതിന് വേണ്ടിയല്ല ബ്രാഹ്മണര്‍ പൂജകളും വേദങ്ങളും പഠിക്കുന്നത്, അത് അവരുടെ ജീവിതചര്യയുടെ തന്നെ ഭാഗമാണെന്നും യോഗക്ഷേമ സഭ അവകാശപ്പെടുന്നു. 

അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്നോട്ടു പോയില്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പൂജകളില്‍ നിന്നും വിട്ടു നിന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേരത്തെ യോഗക്ഷേമ സഭ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com