കലാലയ രാഷ്ട്രീയം:  കോടതിവിധി ജനാധിപത്യത്തോടുള്ള വെല്ലുവിളി - സ്പീക്കര്‍

വിദ്യാര്‍ത്ഥിരാഷ്ട്രീയം കളമൊഴിഞ്ഞ ക്യാമ്പസുകള്‍ മയക്കുമരുന്നുമാഫിയ, ക്രിമിനല്‍ഗാങ്ങുകള്‍, ജാതിമത വര്‍ഗീയസംഘങ്ങള്‍, അരാജകവാദികള്‍ എന്നിങ്ങനെ പലവിധത്തിലുള്ള സാമൂഹ്യവിരുദ്ധശക്തികളുടെ പിടിയിലമരും 
കലാലയ രാഷ്ട്രീയം:  കോടതിവിധി ജനാധിപത്യത്തോടുള്ള വെല്ലുവിളി - സ്പീക്കര്‍

തിരുവനന്തപുരം: ക്യാംപസുകളില്‍ രാഷ്ടീയം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് യുക്തിരഹിതമായ തീരുമാനമെന്ന്  വിദ്യാര്‍ത്ഥിസംഘടനകള്‍ ഇല്ലെങ്കില്‍ തീവ്രവാദികളും മാഫിയകളും ക്യാംപസുകളില്‍ പിടിമുറുക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ക്യാംപസുകളില്‍ സത്യാഗ്രഹം പാടില്ലെന്ന അഭിപ്രായം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തങ്ങളുടെ മുന്നിലെത്തുന്ന എല്ലാത്തിന്റെയും പരമാധികാരി തങ്ങള്‍തന്നെയാണെന്ന് ജുഡിഷ്യറിയോ എക്‌സിക്യൂട്ടീവോ ലെജിസ്ലേച്ചറോ കരുതരുത്. യാന്ത്രികമായ വ്യാഖ്യാനങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കരുത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മൗലീകമാണ്. സത്യാഗ്രഹംപോലുള്ള സമാധാന സമരമാര്‍ഗങ്ങള്‍ എങ്ങനെ നിരോധിക്കും. വിദ്യാര്‍ത്ഥിരാഷ്ട്രീയം കളമൊഴിഞ്ഞ ക്യാമ്പസുകള്‍ മയക്കുമരുന്നുമാഫിയ, ക്രിമിനല്‍ഗാങ്ങുകള്‍, ജാതിമത വര്‍ഗീയസംഘങ്ങള്‍, അരാജകവാദികള്‍ എന്നിങ്ങനെ പലവിധത്തിലുള്ള സാമൂഹ്യവിരുദ്ധശക്തികളുടെ പിടിയിലമര്‍ന്ന കാഴ്ച നമ്മുടെ കണ്മുന്പിലുണ്ട്. 
ക്യാമ്പസുകളുടെ സര്‍ഗാത്മക വസന്തമാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം.അതുതല്ലിക്കൊഴിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആരെയും അനുവദിക്കുകയുമില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കോടതിവിധിയെ മറികടക്കാനുള്ള നിയമനിര്‍മ്മാണം അനിവാര്യമാണ്.

കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ഇന്നും കോടതി ആവര്‍ത്തിച്ചിരുന്നു. കുട്ടികളെ മാതാപിതാക്കള്‍ കലാലയങ്ങളിലേക്ക് വിടുന്നത് രാഷ്ട്രീയം തൊഴിലാക്കാന്‍ ആല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.രാഷ്ട്രീയം കലാലയങ്ങളിലെ പഠനാന്തരീക്ഷം തകര്‍ക്കരുത്. അക്കാദമിക് അന്തരീക്ഷം തകരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വിലയിരുത്തിയിരുന്നു. പഠനത്തിനും രാഷ്ട്രീയത്തിനും അതിന്റേതായ സ്ഥലമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിട്ടത്. ഇംഎംഎസ് കോളെജിലെ വിദ്യാര്‍ഥി സമരം സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ കോടതി വീണ്ടും നിലപാട് ആവര്‍ത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com