രാമലീലയുടെ ഷൂട്ടിങ്ങിനിടെ കടുത്ത പനി, ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായി; അരുണ്‍ ഗോപി പറയുന്നു

ചികിത്സയെക്കുറിച്ച് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന പൊലീസ് വാദം പ്രചരിക്കുന്നതിനിടയിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം
രാമലീലയുടെ ഷൂട്ടിങ്ങിനിടെ കടുത്ത പനി, ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റായി; അരുണ്‍ ഗോപി പറയുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്ന നടന്‍ ദിലീപിന്റെ വാദങ്ങളെ പിന്തുണച്ച് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി. രാമലീലയുടെ ഷൂട്ടിങ് ദിവസങ്ങളില്‍ ദിലീപിന് കടുത്ത പനിയായിരുന്നുവെന്ന് അരുണ്‍ ഗോപി പറഞ്ഞു. ചികിത്സയെക്കുറിച്ച് ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന പൊലീസ് വാദം പ്രചരിക്കുന്നതിനിടയിലാണ് അരുണ്‍ ഗോപിയുടെ പ്രതികരണം.

ഡിസംബര്‍ ഒന്‍പതിനാണ് രാമലീലയുടെ ആദ്യ ഷൂട്ടിങ് ഷെഡ്യൂള്‍ തുടങ്ങിയതെന്ന് അരുണ്‍ ഗോപി പറഞ്ഞു. ദിലീപിന് അസുഖമാവുന്നതു വരെ ഷൂട്ടിങ് തടസമൊന്നുമില്ലാതെ തുടര്‍ന്നു. അസുഖ ബാധിതനായപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബിനൊപ്പം ആശുപത്രിയില്‍ ചെന്ന് ദിലീപിനെ കണ്ടിരുന്നു. ദിലീപിന്റെ വീട്ടിനടുത്തുള്ള ഒരു ചെറിയ സ്വകാര്യ ആശുപത്രിയായിരുന്നു അതെന്ന് അരുണ്‍ ഗോപി വിശദീകരിച്ചു. 

കടുത്ത പനിയും ശരീരം വേദനയും ആയിരുന്നു ദിലീപിന്. ഫെബ്രുവരി 13നാണ് താന്‍  പോയി കണ്ടതെന്നാണ് ഓര്‍മ. വിശ്രമം ആവശ്യമാണെന്നും സ്ഥിതി അല്‍പ്പം മോശമാണെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഇക്കാര്യം ഞാന്‍ ഉടനെ തന്നെ ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുകളുപ്പാടത്തിനെ അറിയിച്ചു. ദിലീപിന് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ ഷൂട്ടിങ് മുടങ്ങും എന്നതിനാലാണ് അത്. അതൊന്നും കാര്യമാക്കേണ്ട, ദിലീപ് വിശ്രമിക്കട്ടെ എന്നാണ് ടോമിച്ചന്‍ പറഞ്ഞത്. അതിനെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ ഷൂട്ടിങ് ഒരാഴ്ച ബ്രേക്ക് ചെയ്‌തെന്നും അരുണ്‍ ഗോപി പറഞ്ഞു.

അരുണ്‍ ഗോപി

ദിലീപിന്റെ വീടിന് അടുത്ത തന്നെയായിരുന്നു ആശുപത്രി. അതുകൊണ്ട് വൈകിട്ട് വീട്ടില്‍ പോവാന്‍ ഡോക്ടര്‍ അനുവദിച്ചിരുന്നു. ഫെബ്രുവരി 21നും 22നും ഞങ്ങള്‍ ച്ിത്രീകരണം തുടര്‍ന്നു. എന്നാല്‍ ദിലീപ് സുഖം പ്രാപിച്ചിരുന്നില്ല. മാര്‍ച്ച് ആദ്യത്തില്‍ ദിലീപ് ഇല്ലാതെയാണ് അഞ്ചു ദിവസം ഷൂട്ടിങ് നടന്നതെന്ന് അരുണ്‍ ഗോപി പറഞ്ഞു.

അന്വേഷകരുടെ വഴി തെറ്റിക്കാന്‍ ദിലീപ് വ്യാജ ചികിത്സാ രേഖകള്‍ ഹാജരാക്കിയെന്നാണ് പൊലീസിന്റെ അവകാശവാദം. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ചികിത്സയില്‍ ആയിരുന്നെന്ന വാദം തെറ്റാണെന്നും പൊലീസ് പറയുന്നു. എന്നാല്‍ പൊലീസ് വാദം തള്ളി കഴിഞ്ഞ ദിവസം ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍ തന്നെ രംഗത്തുവന്നിരുന്നു. ഈ ദിവസങ്ങളില്‍ ദിലീപ് തനിക്കു കീഴില്‍ ചികിത്സയില്‍ ആയിരുന്നെന്നും ഇക്കാര്യം അന്വേഷക സംഘത്തോട് വ്യക്തമാക്കിയതാണെന്നുമാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com