നിങ്ങളുടെ നാക്ക് തന്നെയാണ് നിങ്ങളുടെ വിന; ബിജെപി നേതാക്കള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് പിണറായി

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് തെമ്മാടികളാണ് കേരളം ഭരിക്കുന്നതെന്ന്. അതിന് ആ രീതിയല്‍ മറുപടി പറയാന്‍ ആര്‍ക്കും കഴിയും അത്തരത്തില്‍ മറുപടി പറയാന്‍ നമ്മുടെ സംസ്‌കാരം അനുവദിക്കുന്നില്ല
നിങ്ങളുടെ നാക്ക് തന്നെയാണ് നിങ്ങളുടെ വിന; ബിജെപി നേതാക്കള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് പിണറായി

തിരുവനന്തപുരം: ബിജെപിയുടെ നാക്കിന് തടയിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ നാക്ക് തന്നെയാണ് അവരുടെ വിനയെന്നും പിണറായി പറഞ്ഞു. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയ്ക്ക് സര്‍ക്കാര്‍ എന്ന നിലയില്‍ സുരക്ഷ ഒരുക്കിയതായും പിണറായി പറഞ്ഞു. രാജ്യത്താകെ വര്‍ഗീയ കലാപങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘപരിവാറിന്റെ ഉദ്ദേശം കേരളത്തില്‍ നടക്കില്ലെന്നും തസൗഹാര്‍ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന്റെ അന്തരീക്ഷം ആര്‍എസിഎസിന് തീരെ ഇഷ്ടാകുന്നല്ല. അതിന്റെ അസഹിഷ്ണുതയാണ് സംഘപരിവാര്‍ കേരളത്തിനെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങളെന്നും പിണറായി പറഞ്ഞു

തങ്ങള്‍ക്കിഷ്ടമല്ലാത്ത ഒന്നിനെയും വെച്ചുപുലര്‍ത്താന്‍ സംഘപരിവാര്‍ ആഗ്രഹിക്കുന്നില്ല. ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെ ലക്ഷ്യം വെക്കുകയാണ് ഇപ്പോള്‍. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നാണ് സംഘപരിവാറിന്റെ വാദം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊലപാതകികള്‍ക്ക് സംരക്ഷണവും ആദരവും നല്‍കുകയാണ്. മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലപാതികള്‍ക്ക് ജോലി നല്‍കി ബഹുമാനിക്കുകയാണ്. മതജാതി ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊലപ്പെടുത്തുന്നു. മുസഌംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും പൊതു ശത്രുക്കളായി പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്. ഇതേ അസഹിഷ്ണുതയുടെ ഭാഗമായിട്ടായിരുന്നു മഹാത്മാഗാന്ധി കൊല്ലപ്പെട്ടതും. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്‌സെക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ത്രിപുരയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സന്തനു വരെ എത്തി നില്‍ക്കുന്നു അസഹിഷ്ണുതയുടെ ഇരകളെന്നും പിണറായി പറഞ്ഞു

ഇത്തരം അസഹിഷ്ണുതയ്ക്ക് ഇടം നല്‍കാത്ത സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കേരളത്തെ അപമാനിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ അടക്കം രംഗത്തു വന്നത്. യുപിയിലെ ആശുപത്രികള്‍ കണ്ട് കേരളം പഠിക്കണമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. കേരളത്തിലെയും യുപിയിലെയും ആശുപത്രികള്‍ തമ്മിലുള്ള താരതമ്യം ദേശീയ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത് വസ്തുതകള്‍ പുറത്തു വിട്ടു.അതി ശക്തമായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാല്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല. കേരള ജനത ബിജെപിയെ മനസിലാക്കി കഴിഞ്ഞു. ആര്‍എസ്എസിന് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത അന്തരീക്ഷമാണ് കേരളത്തിലേത്. വര്‍ഗീയതയോടും തീവ്രവാദത്തോടും കേരളം ഒട്ടും വിട്ടു വീഴ്ച്ച ചെയ്യില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് തെമ്മാടികളാണ് കേരളം ഭരിക്കുന്നതെന്ന്. അതിന് ആ രീതിയല്‍ മറുപടി പറയാന്‍ ആര്‍ക്കും കഴിയും എന്നാല്‍ അത്തരത്തില്‍ മറുപടി പറയാന്‍ നമ്മുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com