പിന്നോട്ടടിച്ച് കുമ്മനം; വികസന സംവാദത്തിന് ആദ്യം സമാധാന അന്തരീക്ഷം വേണം, പാര്‍ട്ടി അധ്യക്ഷനെ തള്ളി സുരേന്ദ്രന്‍

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ നിലപാടു തള്ളി സംവാദത്തിനു തയാറാണെന്ന  പ്രഖ്യാപനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍
പിന്നോട്ടടിച്ച് കുമ്മനം; വികസന സംവാദത്തിന് ആദ്യം സമാധാന അന്തരീക്ഷം വേണം, പാര്‍ട്ടി അധ്യക്ഷനെ തള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം: വികസന സംവാദം നടത്താമെന്ന, സിപിഎമ്മിനു മുന്നില്‍ മുന്നോട്ടുവച്ച വെല്ലുവിളിയില്‍നിന്ന് പിന്നോട്ടടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികസന സംവാദം നടത്താന്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം വേണമെന്ന വാദമാണ് കുമ്മനം പുതുതായി ഉയര്‍ത്തിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ഥശൂന്യമാണെന്നും മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ കുമ്മനം പറഞ്ഞു. അതേസമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ നിലപാടു തള്ളി സംവാദത്തിനു തയാറാണെന്ന  പ്രഖ്യാപനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തുവന്നു. 

വികസന സംവാദത്തിന് അമിത് ഷാ മുന്നോട്ടുവച്ച വെല്ലുവിളി സ്വീകരിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ ഒളിച്ചോടുകയാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് സമാധാന അന്തരീക്ഷം വേണമെന്ന വാദം കുമ്മനം മുന്നോട്ടുവച്ചത്. രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ഥശൂന്യമാണെന്നും മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ കുമ്മനം പറഞ്ഞു. അതേസമയം സ്ഥലവും സമയവും പിണറായിക്കു നിശ്ചയിക്കാം, ഞങ്ങള്‍ റെഡി, താങ്കള്‍ക്കിഷ്ടപ്പെട്ട മൂന്നാം കക്ഷിയെ മധ്യസ്ഥാനായി വയ്ക്കാമെന്നുമാണ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചത്. 

ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങിലാണ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വികസന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. പിന്നീട് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാവാത്തതു ചൂണ്ടിക്കാട്ടിയാണ്, അവര്‍ ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചത്. 

ബിജെപി നടത്തിയ ജനരക്ഷായാത്ര പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സമനില തെറ്റിച്ചെന്ന ആരോപണത്തോടെയാണ് കുമ്മനം ദീര്‍ഘമായ തുറന്ന കത്ത് തുടങ്ങുന്നത്. അതുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുതി പിടിപ്പിച്ചിരിക്കുകയാണ് പിണറായിയെന്നും കുമ്മനം കുറ്റപ്പെടുത്തുന്നുണ്ട്. വികസന സംവാദത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒളിച്ചോടിയെന്ന് അവകാശവാദം തെറ്റാണെന്ന് ആദ്യമേ പറയട്ടേ. ഒരു സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം ആണെന്ന് താങ്കള്‍ക്കും അറിവുണ്ടാകുമല്ലോ? രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണാധികാരിയായ താങ്കള്‍ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ത്ഥശൂന്യമാണ്. കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച് വെച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിന് എതിരാളികളെ ക്ഷണിക്കാന്‍ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂ. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഇവിടെ വരേണ്ടി വന്ന സാഹചര്യം എന്തു കൊണ്ട് ഉണ്ടായെന്ന് ഇപ്പോഴും താങ്കള്‍ ചിന്തിക്കാത്തത് മലയാളിയുടെ ദൗര്‍ഭാഗ്യം എന്നേ പറയാനുള്ളൂ- കുമ്മനം കത്തില്‍ പറഞ്ഞു.

കേരളം കൈവരിച്ച പുരോഗതിക്കെല്ലാം അവകാശി താങ്കളും താങ്കളുടെ പാര്‍ട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്നതാണ്. കേരളം പുരോഗതിയും ഉയര്‍ന്ന സാമൂഹ്യ നിലവാരവും നേടിയത് സമാജോദ്ധാരകരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായാണ്. അവര്‍ ഉഴുതു മറിച്ച മണ്ണില്‍ നിന്ന് കൊയ്‌തെടുക്കാന്‍ താങ്കളുടെ പാര്‍ട്ടിക്ക് അവസരം കിട്ടിയെന്നത് സത്യമാണ്. അവിടെ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ ആയിട്ടില്ല. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ കൂടുതലായി ഒന്നും നേടിത്തരാന്‍ ഇവിടം ഭരിച്ച ആര്‍ക്കും സാധിച്ചിട്ടില്ല.- കത്തില്‍ തുടര്‍ന്നു. രണ്ടു മുന്നണികളുടെയും ഭരണത്തിനു കീഴില്‍ പല മേഖലകളിലും പിന്നോട്ടുപോയന്നു കുറ്റപ്പെടുത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് കൂടുതല്‍ കേന്ദ്ര ഫണ്ട് ലഭിക്കുന്നതെന്ന അവകാശവാദവും മുന്നോട്ടുവയ്ക്കുന്നുണ്ട്. 

സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ സംവാദം നിമിത്തമാവുമെന്ന് അവകാശപ്പെട്ടാണ് സംവാദത്തിനു തയാറെന്ന് സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വികസനത്തിന്റെ കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com