ആള്‍ക്കൂട്ടത്തിന്റെ തടിമിടുക്ക് കൊണ്ട് എല്ലാവരെയും വരുതിക്ക് നിര്‍ത്താമെന്ന് കരുതരുതെന്ന് തോമസ് ഐസക്ക്

വിജയ് നായകനായ മെര്‍സലിന് എതിരായ സംഘപരിവാറുകാരുടെ നിലപാടിനെ വിമര്‍ശിച്ച് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ആള്‍ക്കൂട്ടത്തിന്റെ തടിമിടുക്ക് കൊണ്ട് എല്ലാവരെയും വരുതിക്ക് നിര്‍ത്താമെന്ന് കരുതരുതെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: വിജയ് നായകനായ തമിഴ് ചിത്രം മെര്‍സലിന് എതിരായ സംഘപരിവാറുകാരുടെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കുഞ്ഞുങ്ങളുടെപോലും വെറുപ്പു സമ്പാദിക്കുന്ന തരത്തിലാണ് സംഘപരിവാറുകാരുടെ വിഡ്ഢിത്തങ്ങളും വിവരക്കേടും മുന്നേറുന്നത്. കലാസൃഷ്ടികള്‍ക്ക് തീര്‍ച്ചയായും രാഷ്ട്രീയമുണ്ടാകും. ആ രാഷ്ട്രീയം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തില്‍ അത്ഭുതവുമില്ല. സിനിമയുടെ പ്രമേയത്തോടും രാഷ്ട്രീയത്തോടുമുള്ള എതിര്‍പ്പുകള്‍ സാംസ്‌ക്കാരിക വിമര്‍ശനത്തിന്റെ ഉപാധികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് സംഘപരിവാറുകാരെ വിമര്‍ശിച്ച് തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിരഞ്ജന്‍ കലിപ്പിലാണ്. അവന്റെ ആരാധനാപാത്രമായ വിജയ് നും സിനിമയ്ക്കുമെതിരെ ഉയരുന്ന സംഘപരിവാര്‍ ഭീഷണിയോട് സ്വല്‍പം കടുത്ത ഭാഷയിലായിരുന്നു കക്ഷിയുടെ പ്രതികരണം.
ആളിപ്പോള്‍ ആറാം ക്ലാസിലാണ്. കുറേക്കൂടി കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പയ്യന്റെ വിജയ് ഭ്രമം എന്നെ അമ്പരപ്പിച്ചിരുന്നു. വിജയ് സിനിമയുടെ പോസ്റ്ററില്‍ സ്വന്തം തല വെട്ടി വെച്ച് പോസ്റ്ററുണ്ടാക്കുക, ഒരേ സിനിമ തന്നെ പലതവണ കാണുക; ഡയലോഗു കാണാപ്പാഠം പറയുക; ഇഷ്ടനായകനോടുള്ള ആരാധന മൂത്ത് തമിഴ് പഠിക്കുക; തന്നെ തമിഴ് നാട്ടിലെ ആശുപത്രിയില്‍ പ്രസവിക്കാത്തതിന് അമ്മയെ ശകാരിക്കുക.. ഇതൊന്നും എന്നെ സംബന്ധിച്ച് അത്ര സ്വാഭാവികമായിരുന്നില്ല. എന്നാല്‍ കേരളത്തിലെ കൊച്ചുകുട്ടികളില്‍ പലരും ഇതിനേക്കാള്‍ കടുത്ത വിജയ് ആരാധകരാണെന്നതാണ് സത്യം. കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന എന്തോ ഒരു പ്രത്യേകത ആ നടനുണ്ടായിരിക്കണം. ഏതായാലും ഈ കുഞ്ഞുങ്ങളുടെയൊക്കെ മനസില്‍ ബിജെപി നേതാക്കള്‍ക്കിപ്പോള്‍ സിനിമയിലെ കൊടുംവില്ലന്റെ ഇമേജാണ്.
കുഞ്ഞുങ്ങളുടെപോലും വെറുപ്പു സമ്പാദിക്കുന്ന തരത്തിലാണ് സംഘപരിവാറുകാരുടെ വിഡ്ഢിത്തങ്ങളും വിവരക്കേടും മുന്നേറുന്നത്. കലാസൃഷ്ടികള്‍ക്ക് തീര്‍ച്ചയായും രാഷ്ട്രീയമുണ്ടാകും. ആ രാഷ്ട്രീയം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തില്‍ അത്ഭുതവുമില്ല. സിനിമയുടെ പ്രമേയത്തോടും രാഷ്ട്രീയത്തോടുമുള്ള എതിര്‍പ്പുകള്‍ സാംസ്‌ക്കാരിക വിമര്‍ശനത്തിന്റെ ഉപാധികളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. പക്ഷേ, അതിനുള്ള കോപ്പൊന്നും പരിവാറുകാര്‍ക്കില്ല. അത് എഴുത്തിന്റെയും വായനയുടെയും മേഖലയാണ്. 
അവര്‍ക്ക് ആകെ അറിയാവുന്നത് എന്തിലും വര്‍ഗീയവിഷം തുപ്പാനുള്ള ഉളുപ്പില്ലായ്മയും 
ആള്‍ക്കൂട്ടത്തിന്റെ തടിമിടുക്കുകൊണ്ട് എല്ലാവരെയും വരുതിയ്ക്കു നിര്‍ത്താമെന്നും ആക്രോശങ്ങളിലൂടെ അനുസരണ നിര്‍മ്മിക്കാമെന്നുമൊക്കെയുള്ള വ്യാമോഹങ്ങളാണ്.
സിനിമയിലെ നായകന്റെ ജാതിയും മതവും ഉറക്കെപ്പറഞ്ഞാണ് വിമര്‍ശനവിളയാട്ടം. ജിഎസ് ടിയ്ക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കുമെതിരെയുള്ള പരാമര്‍ശങ്ങളാണ് അറിഞ്ഞിടത്തോളം സംഘപരിവാറുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജിഎസ് ടി സൃഷ്ടിച്ച വിലക്കയറ്റത്തിനും ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ക്കും ജാതിമതഭേദമെന്യേ ആണ് ജനം ഇരകളാകുന്നത്. ജിഎസ്ടി മൂലം സൃഷ്ടിക്കപ്പെട്ട വിലക്കയറ്റത്തില്‍ നിന്ന് ഏതെങ്കിലുമൊരു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവൊന്നും ലഭിക്കുന്നില്ല. അപ്പോള്‍പ്പിന്നെ വിമര്‍ശിക്കുന്നവരുടെ ജാതിയും മതവും തിരയുന്നതിന്റെ യുക്തിയെന്ത്...
എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും സംഘപരിവാറിന്റെ പരിഗണനാവിഷയമല്ല. വിമര്‍ശിക്കുന്നവരെ മതത്തിന്റെ ചാപ്പ കുത്തിയാല്‍ വിമര്‍ശനം അസാധുവായിപ്പോകുമെന്നാണ് അവരുടെ ധാരണ. ഭരണപരാജയത്തിന്റെ തിരിച്ചടികളെ അങ്ങനെ മതവും ജാതിയും വര്‍ഗീയതയും ഉപയോഗിച്ച് അതിജീവിക്കാമെന്ന വ്യാമോഹം. അതു തെറ്റാണെന്ന് സംഘപരിവാറുകാര്‍ക്ക് താമസിയാതെ മനസിലാകും. വര്‍ഗീയതയുടെ ലേബലൊട്ടിച്ച് ആഞ്ഞു വിമര്‍ശിച്ചിട്ടും ഒരു തട്ടുപൊളിപ്പന്‍ കച്ചവടസിനിമയ്ക്ക് ഒരു പോറലുപോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, വമ്പന്‍ വിജയത്തിലേയ്ക്കാണ് സിനിമ മുന്നേറുന്നത്. അതായത് നാനാജാതി മതസ്ഥര്‍ ഒറ്റക്കെട്ടായി സിനിമയ്ക്കു പിറകിലുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗം മാത്രമല്ല, ഈ സിനിമയെ വിജയിപ്പിക്കാനിറങ്ങുന്നത്. പ്രബുദ്ധരായ പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒറ്റക്കെട്ടായി സംഘപരിവാറിനെതിരെ നിലയുറപ്പിച്ചു കഴിഞ്ഞു.
മലയാളത്തിലെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും സംഘപരിവാറിന്റെ അജണ്ടകള്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ലല്ലു, ഗോപീകൃഷ്ണന്‍, സനീഷ്, ഷാനി തുടങ്ങിയവരെല്ലാം അവരവരുടെ പരിപാടികളില്‍ ഈ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് നടത്തുന്നത്. ഉദാഹരണത്തിന് മനോരമയുടെ പറയാതെ വയ്യ എന്ന പരിപാടിയുടെ പ്രസക്തഭാഗം ചുവടെ ചേര്‍ക്കുന്നു.
സംഘപരിവാര്‍ തെളിക്കുന്നിടത്തേയ്ക്കല്ല, രാജ്യം നീങ്ങുന്നത് എന്നാണ് അവരുടെ മെര്‍സല്‍ വിമര്‍ശനങ്ങളുടെ ഫലശ്രുതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com