സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവര്‍ രാജ്യസ്‌നേഹം പറയുന്നു: കാനം രാജേന്ദ്രന്‍

താജ് മഹല്‍ ശിവക്ഷേത്രം ആണെന്ന് ബിജെപി പറയുന്നത് അവര്‍ക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്- കാനം
സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവര്‍ രാജ്യസ്‌നേഹം പറയുന്നു: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനായി ഒരു നിമിഷം പോലും പണിയെടുക്കാത്തവര്‍ ഇപ്പോള്‍ രാജ്യസ്‌നേഹം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡര്‍ കൂടിയായ കാനം.

താജ് മഹല്‍ ശിവക്ഷേത്രം ആണെന്ന് ബിജെപി പറയുന്നത് അവര്‍ക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്. രാജ്യത്ത് ഭീതി പടര്‍ത്താനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. ദളിത് ന്യൂനപക്ഷങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. മലബാര്‍ കലാപത്തെ മതലഹളയായി ചിത്രീകരിക്കുന്ന കുമ്മനം രാജശേഖരന്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മോദി ഗുജറാത്ത് ഭരിക്കുമ്പോള്‍ അവിടെ വെറും സഹമന്ത്രിയായിരുന്ന അമിത് ഷായെ സുപ്രീം കോടതി ഒരു കേസില്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വന്തം സംസ്ഥാനത്തിലോ നിയോജകമണ്ഡലത്തിലോ രണ്ട് വര്‍ഷക്കാലം പ്രവേശിക്കാനായില്ല. ഈ ഷായാണ് കേരളത്തില്‍ വന്ന് മലയാളികളെ ഒന്നാകെ അപമാനിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. 

വര്‍ഗീയ വിഷം കുത്തിവയ്ക്കുന്ന നാഗ്പൂരിലെ ആര്‍എസ്എസ് ലബോറട്ടറിയാണ് കേന്ദ്ര ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ഇന്ത്യന്‍ ഭരണഘടനയെ മോദി ഭരണം ദുര്‍ബലപ്പെടുത്തി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപി ഭരണകൂടം പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com