സ്‌നേക് ഡാന്‍സിന്റെ പേരില്‍ ഭീഷണി; പാഷാണം ഷാജിയില്‍ നിന്നു പത്തു ലക്ഷം തട്ടാന്‍ പദ്ധതിയിട്ടു; പൊലീസ് തന്ത്രത്തില്‍ കുടുങ്ങി

ഷാജിയെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ്
സ്‌നേക് ഡാന്‍സിന്റെ പേരില്‍ ഭീഷണി; പാഷാണം ഷാജിയില്‍ നിന്നു പത്തു ലക്ഷം തട്ടാന്‍ പദ്ധതിയിട്ടു; പൊലീസ് തന്ത്രത്തില്‍ കുടുങ്ങി

കൊച്ചി: സ്‌റ്റേജില്‍ സ്‌നേക് ഡാന്‍സ് അവതരിപ്പിച്ചതിന്റെ പേരില്‍  ചലച്ചിത്ര നടനും സ്‌റ്റേജ് ആര്‍ട്ടിസ്റ്റുമായ സാജു നവോദയയെ (പാഷാണം ഷാജി) ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് സ്വദേശികളായ ദേവസി തോമസ് (30), കൃഷ്ണദാസ് (26) എന്നിവരാണ് അറസ്റ്റിലായയത്. എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഷാജിയെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

ഒരു മാസം മുന്‍പു പാഷാണം ഷാജിയും സംഘവും കാക്കനാട് സ്‌റ്റേജ് ഷോ അവതരിപ്പിച്ചിരുന്നു. ഇതില്‍ സംഘത്തിലൊരാള്‍ ഷോയില്‍ സ്‌നേക് ഡാന്‍സ് അവതരിപ്പിച്ചു. ഇതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് പണംതട്ടാന്‍ ശ്രമിച്ചത്. 

വന്യജീവികളെ ഉപദ്രവിച്ചതിനെതിരെയുള്ള നിയമം അനുസരിച്ചു കേസു കൊടുക്കുമെന്നു പറഞ്ഞ് ദേവസി തോമസാണ് ഷാജിയെ ആദ്യം ഫോണില്‍ വളിച്ചത്. അഭിഭാഷകനെന്നു പറഞ്ഞാണു വിളിച്ചത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇതേഭീഷണിയുമായി കൃഷ്ണദാസും വിളിച്ചു. കേസ് കൊടുക്കാതിരിക്കാന്‍ 10 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ആവശ്യം. 

ഭീഷണി കോളുകള്‍ കൂടിയതോടെ ഷാജി അസി.കമ്മിഷണറെ നേരില്‍ കണ്ടു പരാതി നല്‍കി. തുടര്‍ന്ന് ഇവരെ കുടുക്കാന്‍ പൊലീസ് തന്ത്രം മെനയുകയായിരുന്നു. പണം നല്‍കാമെന്നു പറഞ്ഞു പ്രതികളെ പാലാരിവട്ടത്തേക്കു വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. ദേവസി തോമസ് അഭിഭാഷകനാണെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com