കെപിസിസി ലിസ്റ്റ് തിരിച്ചയക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പിന്നില്‍ ശശി തരൂര്‍..?

കെപിസിസി അംഗങ്ങളുടെ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കും 
കെപിസിസി ലിസ്റ്റ് തിരിച്ചയക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പിന്നില്‍ ശശി തരൂര്‍..?

ന്യൂഡല്‍ഹി : സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാന്‍ഡും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തിരിച്ചയച്ചതിന് പിന്നില്‍ ശശി തരൂരെന്ന് റിപ്പോര്‍ട്ട്. കെപിസിസി ലിസ്റ്റ് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശശി തരൂര്‍ ധരിപ്പിച്ചു. ലിസ്റ്റ് എ, ഐ ഗ്രൂപ്പുകള്‍ വീതം വെച്ചെടുത്തതാണെന്നും, മറ്റുള്ളവരോട് ആലോചിട്ടില്ലെന്നും തരൂര്‍ അടക്കമുള്ള നേതാക്കള്‍ എ കെ ആന്റണി, എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ നേരിട്ട് അറിയിച്ചിരുന്നു. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി അംഗങ്ങളെ വീതം വെച്ച് എടുക്കുകയായിരുന്നു.  സംസ്ഥാനത്തെ മറ്റ് നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച പോലും നടത്തിയിട്ടില്ല. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് വീതം വെയ്‌പ്പെന്നും, മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല അംഗങ്ങളെ നിശ്ചയിച്ചതെന്നും ഇവര്‍ ആരോപിച്ചു.

ശശി തരൂരിനെ വിശ്വാസത്തിലെടുത്ത രാഹുല്‍ ഗാന്ധി പഴയ പട്ടിക തള്ളുകയും, വനിത, പട്ടികജാതി പ്രാതിനിധ്യമുള്ള കൂടുതല്‍ സന്തുലിതമായ പട്ടിക നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ശശി തരൂരിന് പുറമെ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എംപിമാരും ഗ്രൂപ്പില്ലാത്ത നേതാക്കളും കെപിസിസി പട്ടികയില്‍ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ആന്റണിയും മുല്ലപ്പള്ളിയും രാഹുല്‍ ഗാന്ധിയെ അറിയിക്കുകയും ചെയ്തിരുന്നു. 

ഹൈക്കമാന്‍ഡ് പട്ടിക മടക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടോടെ പുതിയ പട്ടിക കെപിസിസി ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ചു. പഴയ പട്ടികയില്‍ നിന്നും 25 ഓളം പേരെ ഒഴിവാക്കി, പുതിയവരെ ഉള്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ ഒഴിവാക്കിയിരുന്ന മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെയും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍ ധനമന്ത്രിയും ആന്‍ഡമാന്‍ ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമനെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ലിസ്റ്റില്‍ ഒഴിവാക്കിയവരില്‍ ഭൂരിപക്ഷവും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് സൂചന. 

കെപിസിസി അംഗങ്ങളുടെ പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. അന്തിമ പട്ടികയില്‍ വീണ്ടും മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇക്കാര്യത്തില്‍ എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നിലപാടുകളും നിര്‍ണായകമായേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com