കോവളം - കാസര്‍ഗോഡ് ദേശീയ ജലപാത 2020ല്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

നിലവിലുളള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഗതാഗതത്തിനുവേണ്ടി ഒരുപാട് പാലങ്ങള്‍ നിര്‍മ്മിക്കേണ്ടി വരും
കോവളം - കാസര്‍ഗോഡ് ദേശീയ ജലപാത 2020ല്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവളം - കാസര്‍കോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചതായി  മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുളള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിയാലിനും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുളള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്. രണ്ടു ശതമാനം ഓഹരി മറ്റു ഏജന്‍സികള്‍ക്കോ നിക്ഷേപകര്‍ക്കോ നല്‍കും. ജലപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നല്‍കാനാണ് തീരുമാനം. പദ്ധതിക്കുവേണ്ടി വര്‍ക്കലയില്‍ ടണല്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ടണല്‍ നിര്‍മ്മാണം കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ക്കല ടണലിന് 12 മീറ്റര്‍ വീതിയും 7 മീറ്റര്‍ ഉയരവും ഉണ്ടായിരിക്കും. കൊല്ലംകോവളം ഭാഗത്തെ ജലപാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡിസംബര്‍ 15നകം നാറ്റ്പാക് സമര്‍പ്പിക്കും. മാഹിവളപ്പട്ടണം സര്‍വ്വേ കമ്പനി തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ രൂപരേഖ ഡിസംബര്‍ അവസാനം നാറ്റ്പാക് സമര്‍പ്പിക്കും. 

നിലവിലുളള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഗതാഗതത്തിനുവേണ്ടി ഒരുപാട് പാലങ്ങള്‍ പണിയേണ്ടിവരും. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 2300 കോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജലസേചനവകുപ്പ് ഏറ്റെടുത്ത കനാല്‍ ജോലികള്‍ 2019ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചാതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com