തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം : കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് റവന്യൂമന്ത്രിയ്ക്ക് കൈമാറും

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം : കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് റവന്യൂമന്ത്രിയ്ക്ക് കൈമാറും

തിരുവനന്തപുരം : മന്ത്രി തോമസ്ചാണ്ടിയുടെ കായല്‍ കയ്യേറ്റ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ആലപ്പുഴ ജില്ലാകളക്ടര്‍ ടിവി അനുപമ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് ഇന്ന് റവന്യൂമന്ത്രിയ്ക്ക് കൈമാറും. റിപ്പോര്‍ട്ട് കഴിഞ്ഞദിവസം റവന്യൂ സെക്രട്ടറി പി എച്ച് കുര്യന് കളക്ടര്‍ കൈമാറിയിരുന്നു. തോമസ് ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. റവന്യൂചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളതായാണ് സൂചന. 

റിപ്പോര്‍ട്ട് പരിശോധിക്കുന്ന റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്‌തേക്കും. കയ്യേറ്റം നടന്ന കാലത്തെ ആലപ്പുഴ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, ജല-കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലാകും നടപടിയെടുക്കുക. കയ്യേറ്റത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാനും മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

നടപടി ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് തന്നെ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചേക്കും. കയ്യേറ്റം കണ്ടെത്തുന്നതിലും ഒഴിപ്പിക്കുന്നതിലും റവന്യൂ ഉദ്യോഗസ്ഥരുടെ  ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് റിപ്പോര്‍ട്ട് നല്‍കണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും. 

അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് കോടതി അലക്ഷ്യമാണെന്ന് കാണിച്ച് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് റവന്യൂ സെക്രട്ടറിയ്ക്ക്് കത്ത് നല്‍കി. മാര്‍ത്താണ്ഡം കായല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും വാട്ടര്‍വേള്‍ഡ് റവന്യൂ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com