തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം; കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു

റവന്യൂമന്ത്രി സ്വന്തം നിലയില്‍ തീരുമാനമെടുക്കില്ല. തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനും സിപിഐ നേതൃത്വവും മന്ത്രിയും തമ്മില്‍ ധാരണയിലെത്തി.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം; കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ടു

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ നടപടി തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാന്‍ സിപിഐ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമറിപ്പോര്‍ട്ടിന്മേല്‍ സ്വന്തം നിലയ്ക്ക് നടപടി എടുക്കേണ്ടെന്ന് റവന്യൂമന്ത്രിയും സിപിഐയും തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കേണ്ട ചുമതല മുഖ്യമന്ത്രിയുടെ ചുമലിലായി.

മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്നത് ശരിയല്ലെന്ന നിലപാടിലാണ് സിപിഐ എത്തിച്ചേര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂമന്ത്രി സ്വന്തം നിലയില്‍ തീരുമാനമെടുക്കില്ല. തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനും പാര്‍ട്ടി നേതൃത്വവും മന്ത്രിയും തമ്മില്‍ ധാരണയിലെത്തി. റവന്യൂമന്ത്രി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

നേരത്തെ ആരോഗ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടന്ന, മന്ത്രിസഭാംഗങ്ങളുടെ പ്രതിവാര വിരുന്നുസല്‍ക്കാരത്തിനിടെ തോമസ് ചാണ്ടിക്കെതിരെ ധൃതി പിടിച്ച് നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചതില്‍ മന്ത്രി ഇ ചന്ദ്രശേഖരനെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുത്താല്‍ മതിയായിരുന്നു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ശരിയായില്ലെന്നും മുഖ്യമന്ത്രി റവന്യൂമന്ത്രിയെ അറിയിച്ചിരുന്നു. 

ഇതുകൂടി കണക്കിലെടുത്താണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ അന്തിമ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്ക് വിടാന്‍ റവന്യൂമന്ത്രിയും സിപിഐയും തീരുമാനിച്ചത്.  ഇതുവഴി മുന്നണിയിലെ മറ്റൊരു പാര്‍ട്ടിക്കെതിരെ നടപടിയുമായി ഇറങ്ങിയെന്ന ആക്ഷേപം ഒഴിവാക്കാനാകുമെന്നും സിപിഐ കണക്കുകൂട്ടുന്നു. 

തോമസ് ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന അന്തിമ റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. റവന്യൂചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളതായാണ് സൂചന. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിശോധിക്കും. 

റിപ്പോര്‍ട്ട് പരിശോധിക്കുന്ന റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്‌തേക്കും. കയ്യേറ്റം നടന്ന കാലത്തെ ആലപ്പുഴ ജില്ലാ കളക്ടര്‍, ആര്‍ഡിഒ, ജല-കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലാകും നടപടിയെടുക്കുക. കയ്യേറ്റത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാനും മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com