ഭൂമി കയ്യേറ്റം :  തോമസ് ചാണ്ടിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് റവന്യൂ വകുപ്പ് 

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്നും, തോമസ് ചാണ്ടിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു
ഭൂമി കയ്യേറ്റം :  തോമസ് ചാണ്ടിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് റവന്യൂ വകുപ്പ് 

തിരുവനന്തപുരം : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് റവന്യൂ വകുപ്പ്. കയ്യേറ്റം അന്വേഷിച്ച ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമാണ്. തോമസ് ചാണ്ടി കടുത്ത നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും, ക്രിമിനല്‍ കേസ് എടുക്കണമെന്നുമുള്ള കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ സെക്രട്ടറിയും ശരിവെച്ചു. മൂന്ന് പേജ് കുറിപ്പോടെയാണ് റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന് സമര്‍പ്പിച്ചത്. 

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്നും, തോമസ് ചാണ്ടിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗൗരവമേറിയതാണെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമറിപ്പോര്‍ട്ടിന്മേല്‍ സ്വന്തം നിലയ്ക്ക് നടപടി എടുക്കേണ്ടെന്ന് റവന്യൂമന്ത്രിയും സിപിഐയും തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. 

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ നിയമലംഘനം നടന്നിട്ടുണ്ട്. ഭൂമി സംരക്ഷണ നിയമത്തിന്റെ ലംഘനം ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമി കയ്യേറ്റം നടത്തി. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തിലും പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിലും റോഡ് നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം കമ്പനി ചെയ്യുന്ന ലംഘനങ്ങള്‍ക്ക് ഡയറക്ടര്‍മാരെല്ലാം ഉത്തരവാദികളാണ്. വാട്ടര്‍വേള്‍ഡ് കമ്പനിയുടെ നിലംനികത്തലിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായ തോമസ് ചാണ്ടിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിന് ഒത്താശ ചെയ്ത മുന്‍ കളക്ടര്‍ പത്മകുമാര്‍, മുന്‍ ആര്‍ഡിഒ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി വേണമെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും റവന്യൂമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com