വാഹനം ഏര്‍പ്പാടാക്കിയത് പ്രാദേശിക നേതൃത്വം;  കാര്‍ ആരുടെതാണെന്ന് അറിയില്ല: കോടിയേരി

കാര്‍ ആരുടെതാണെന്ന് അറിയില്ലായിരുന്നുവെന്ന് കോടിയേരി - കൊടുവള്ളിയിലെത്തിയപ്പോള്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ വാഹനം പ്രാദേശിക നേതൃത്വമാണ് ഏര്‍പ്പാടാക്കിയത്. ഇതില്‍ വീഴ്ച സംഭവിച്ചിട്ടില്ല
വാഹനം ഏര്‍പ്പാടാക്കിയത് പ്രാദേശിക നേതൃത്വം;  കാര്‍ ആരുടെതാണെന്ന് അറിയില്ല: കോടിയേരി

കോഴിക്കോട്:  ജനജാഗ്രതാ മാര്‍ച്ചിനിടെ സ്വര്‍ണക്കള്ളക്കടത്തുകാരന്റെ കാറില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തതില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാര്‍ ആരുടെതാണെന്ന് അറിയില്ലായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. കൊടുവള്ളിയിലെത്തിയപ്പോള്‍ ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ വാഹനം പ്രാദേശിക നേതൃത്വമാണ് ഏര്‍പ്പാടാക്കിയത്. ഇതില്‍ എന്തെങ്കിലും വിഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ചത്. ഇതിനെതിരെ ബിജെപി നേതാവായ കെ സുരേന്ദ്രനും ലീഗ് നേതാവായ മായിന്‍ ഹാജിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്തു കേസില്‍ റവന്യു ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്ത പ്രതി കൊടുവള്ളിയിലെ കാരാട്ട് ഫൈസലിന്റെ ആഡംബര കാറാണ് കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചതെന്നായിരുന്നു ഇവരുടെ പരാതി. ഇന്നലെ കൊടുവള്ളിയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിലാണ് ഹവാലാ തലവന്റെ കാറില്‍ കോടിയേരിയെ ആനയിച്ചത്. 

ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ കൊടുവള്ളിയില്‍ കോടിയേരിയെ ആനയിക്കുന്ന ഈ കാര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവുമെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.  സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി ആര്‍ ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ തന്റെ കാര്‍ നല്‍കിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും താന്‍ ഒരു സ്വര്‍ണകളളക്കടത്തും കേസിലും പ്രതിയല്ലെന്നും കാരാട്ട് ഫൈസല്‍ പറഞ്ഞു. ഒരു ദിവസം പോലും ഇത്തരമൊരു കേസില്‍ പെട്ട് ജയിലില്‍ കിടന്നിട്ടില്ല. കോടിയേരിയുടെ യാത്രക്ക് ഏര്‍പ്പാടാക്കിയ കാറിന് സാങ്കേതിക തടസമുണ്ടായപ്പോള്‍ ഐഎന്‍എല്‍ നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണ് കാര്‍ നല്‍കിയത്. തനിക്ക് കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്നും ഫൈസല്‍ പറഞ്ഞു. എംസി മായിന്‍ഹാജിക്കെതിരെയും കെ സുരേന്ദ്രന് എതിരെ നിയമനടപടിയുമായി മുന്നോട്ട പോകുമെന്നും ഫൈസല്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com