സര്‍ക്കാര്‍ വിലക്കി; ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസ് 

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഹാദിയയുടെ മൊഴി ഇപ്പോള്‍ രേഖപ്പെടുത്തരുതെന്ന് നിയമോപദേശം ലഭിച്ചെന്നാണ് എസ് പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
സര്‍ക്കാര്‍ വിലക്കി; ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസ് 

കോട്ടയം : ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോട്ടയത്ത് നടന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗിലാണ് കോട്ടയം എസ്പി ഇക്കാര്യം അറിയിച്ചത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഹാദിയയുടെ മൊഴി ഇപ്പോള്‍ രേഖപ്പെടുത്തരുതെന്ന് നിയമോപദേശം ലഭിച്ചെന്നാണ് എസ് പി കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാറിനെ അറിയിച്ചത്. നിയമോപദേശത്തിന്റെ പകര്‍പ്പും എസ് പി കമ്മീഷന് കൈമാറി. 

വീട്ടുതടങ്കലില്‍ കഴിയുന്ന വൈക്കം ടിവി പുരം സ്വദേശി ഹാദിയയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ്, പെണ്‍കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വൈക്കം ഡിവൈഎസ്പി മുഖേന ജില്ലാ പൊലീസ് മേധാവി അന്വേഷണ റിപ്പോര്‍ട്ടും, നിയമോപദേശത്തിന്റെ പകര്‍പ്പും സമര്‍പ്പിച്ചത്. പൊലീസിന്റെയോ, പെണ്‍കുട്ടിയുടെ അച്ഛന്റെ ബാഗത്തുനിന്നോ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍, പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത് അടക്കമുള്ള നടപടികള്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ ഡി നാരായണനാണ് പൊലീസിന് നിയമോപദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നത് അടക്കം നിലവിലെ സ്ഥിതിയ്ക്ക് മാറ്റം വരുത്തുന്ന നടപടി പൊലീസോ, മറ്റ് അധികാരികളോ സ്വീകരിക്കുന്നത് സുപ്രീംകോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. 

സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഹൈദിയയുടെ മൊഴി എടുക്കുന്നത് അടക്കമുള്ള വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ അറിയിച്ചു. നിയമോപദേശവും പൊലീസ് റിപ്പോര്‍ട്ടും പഠിച്ചശേഷം തീരുമാനം അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിക്കാരനായ മുനവറലി ശിഹാബ് തങ്ങള്‍ സിറ്റിംഗിന് എത്തിയിരുന്നില്ല. പകരം മുനവറലിയുടെ പ്രതിനിധിയായി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദാണ്് സിറ്റിംഗിനെത്തിയത്. 

അഖില എന്ന ഹിന്ദു പെണ്‍കുട്ടി മതംമാറി ഹാദിയ എന്ന പേര് സ്വീകരിക്കുകയും, ഷഫിന്‍ ജഹാന്‍ എന്ന മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകള്‍ നടന്നെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് വിവാഹം റദ്ദുചെയ്ത ഹൈക്കോടതി, പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് തേടിയ സുപ്രീംകോടതി സംഭവത്തില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com