'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കോഴിക്കോട് : ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരന്റെ വാഹനത്തില്‍ സഞ്ചരിച്ചു എന്ന വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി ഏറെ കരുതലോടെ നടത്തുന്ന യാത്രയില്‍ എന്തുകൊണ്ട് ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയോട് ചോദിച്ചു. വിവാദമുണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചതില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ കോടിയേരി അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. 

അതേസമയം കോടിയേരിയുടെ റാലിക്കായി പാര്‍ട്ടി ഫൈസല്‍ കാരാട്ടിന്റെ വാഹനമായിരുന്നില്ല ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാല്‍ അവസാന നിമിഷം ആ വാഹനത്തിന് തകരാര്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഫൈസലിന്റെ വാഹനം ഉപയോഗിച്ചതെന്ന് എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം അറിയിച്ചു. ഐഎന്‍എല്ലിന്റെ കൊടുവള്ളി മുനിസിപ്പല്‍ സെക്രട്ടറി സലിമാണ് കാര്‍ ആവശ്യപ്പെട്ടത്. മറ്റു പരിപാടികള്‍ക്ക് വിട്ടുകൊടുക്കുന്നത് പോലെ കോടിയേരിയുടെ യാത്രയ്ക്കും വാഹനം വിട്ടുനല്‍കുകയായിരുന്നെന്നും കാരാട്ട് ഫൈസല്‍ വ്യക്തമാക്കി. 

അതേസമയം കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊടുവള്ളിയില്‍ പാര്‍ട്ടിക്ക് സ്വന്തമായി വാഹനമില്ല. പ്രാദേശിക നേതാക്കള്‍ സജ്ജമാക്കിയ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. വാഹനത്തിന്റെ ഉടമ ആരാണെന്ന് അന്വേഷിച്ചിട്ടല്ല സഞ്ചരിച്ചത്. ഇങ്ങനെ റാലിക്ക് എത്തുമ്പോള്‍ വാഹനത്തിന്റെ ഉടമ ആരാണ്, കേസുണ്ടോ എന്നൊക്കെ അന്വേഷിച്ച ശേഷം സഞ്ചരിക്കാനാകുമോ എന്നും കോടിയേരി ചോദിച്ചു. അദ്ദേഹം കേസില്‍ പ്രതിയാണെങ്കില്‍ അക്കാര്യം അന്വേഷിക്കുമെന്നും കോടിയേരി പറഞ്ഞു. 

കാരാട്ട് ഫൈസലിന്റെ കാര്‍ മുമ്പും വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. സ്വന്തമായി തുറന്ന വാഹനം ഇല്ലാത്തതിനാല്‍ വാടകയ്‌ക്കോ മറ്റോ ഏര്‍പ്പാടാക്കുകയാണ് പതിവെന്നും കോടിയേരി പറഞ്ഞു. ആരോപണം ഉന്നയിച്ച മുസ്ലീം ലീഗിനും ബിജെപിയ്ക്കും എതിരെ കോടിയേരി ആഞ്ഞടിച്ചു. കെഫെപോസെ കേസിലെ പ്രതിയെ എംഎല്‍എയും മന്ത്രിയുമാക്കിയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അക്കാര്യം ലീഗ് മറക്കണ്ട. ഒ രാജഗോപാല്‍ മന്ത്രിയായ കാലത്ത്, കാസര്‍കോട്ടുവെച്ച് കള്ളക്കടത്തുകേസിലെ പ്രതിയുടെ സ്വീകരണം ഏറ്റുവാങ്ങിയിരുന്നു. അക്കാര്യം ബിജെപിയും മറക്കേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com