കെപിസിസി ലിസ്റ്റ് വീണ്ടും ഹൈക്കമാന്‍ഡ് മടക്കിയതിന് പിന്നിലും ശശി തരൂര്‍..? കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രം

കെപിസിസി സമര്‍പ്പിച്ച പുതിയ ലിസ്റ്റും മെറിറ്റ് മാനദണ്ഡമാക്കിയല്ലെന്ന് തരൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു 
കെപിസിസി ലിസ്റ്റ് വീണ്ടും ഹൈക്കമാന്‍ഡ് മടക്കിയതിന് പിന്നിലും ശശി തരൂര്‍..? കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രം

ന്യൂഡല്‍ഹി : കെപിസിസി അംഗങ്ങളുടെ പുതിയ ലിസ്റ്റ് രാഹുല്‍ഗാന്ധിയുടെ ഓഫീസ് മടക്കിയതിന് പിന്നിലും ശശി തരൂരിന്റെ അതൃപ്തി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം കെപിസിസി സമര്‍പ്പിച്ച പുതിയ ലിസ്റ്റും മെറിറ്റ് മാനദണ്ഡമാക്കിയല്ലെന്ന് തരൂര്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തന്റെ നിര്‍ദേശങ്ങളെല്ലാം അവഗണിക്കുകയാണെങ്കില്‍, തന്നെ ഒഴിവാക്കി പകരം ആളെ വെച്ചുകൊള്ളാന്‍ ശശി തരൂര്‍ എ,ഐ ഗ്രൂപ്പുകളോട് ആവശ്യപ്പെടുകയായിരുന്നു. തരൂരിന്റെ പ്രതിഷേധസൂചകമായ പ്രസ്താവന രാജിയായി കണ്ട് സ്വീകരിക്കപ്പെടുകയായിരുന്നു. കൂടാതെ തരൂര്‍ നിര്‍ദേശിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. 

എന്നാല്‍ പട്ടികയില്‍ നിന്നും ഒഴിവാകാനുള്ള ശശി തരൂരിന്റെ തീരുമാനം എഐസിസി തെരഞ്ഞെടുപ്പ് സമിതി തള്ളി. പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കൂടിയായ ശശി തരൂരിന്റെ പേര് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി നിലപാട് എടുക്കുകയായിരുന്നു. കെപിസിസിയുടെ ആദ്യ പട്ടിക ഹൈക്കമാന്‍ഡ് മടക്കിയതിന് പിന്നിലും ശശി തരൂരിന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെ ഹൈക്കമാന്‍ഡില്‍ ശശി തരൂരിന്റെ സ്വാധീനം കൂടുതല്‍ ശക്തമായെന്ന് തെളിയുകയാണ്. തരൂരിന് പുറമെ, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ, കെ വി തോമസ് എംപി എന്നിവരും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചിരുന്നു. 

കെപിസിസി തയ്യാറാക്കിയ പുതിയ ലിസ്റ്റും, നേതാക്കളുടെ മെറിറ്റ് അടിസ്ഥാനപ്പെടുത്തിയല്ല തയ്യാറാക്കിയിട്ടുള്ളതെന്ന് സുധീരന്‍ രാഹുല്‍ ഗാന്ധിയെയും തെരഞ്ഞെടുപ്പ് സമിതിയെയും അറിയിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നും, അതിനാല്‍ അര്‍ഹതയുള്ള നിരവധി പേര്‍ പുറത്തുപോയതായും സുധീരന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. ആദ്യ പട്ടികയേക്കാള്‍ മോശമാണ് രണ്ടാമത്തെ പട്ടികയെന്നാണ് കെ വി തോമസ് അഭിപ്രായപ്പെട്ടത്. കെബി മുഹമ്മദ്കുട്ടി, എംഎ ചന്ദ്രശേഖരന്‍ എന്നിവരെ ഒഴിവാക്കിയതിനെയും കെവി തോമസ് നിശിതമായി വിമര്‍ശിച്ചു. അതേസമയം വിവിധ മണ്ഡലങ്ങളല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതാണഅ പിസി ചാക്കോയെ ചൊടിപ്പിച്ചത്. ഇങ്ങനെയാണെങ്കില്‍ രാജിവെയ്ക്കുമെന്ന് ചാക്കോ ദേശീയനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. 

പുതുക്കിയ കെപിസിസി പട്ടികയിലും യുവ പ്രാതിനിധ്യം വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ യുവ നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. ഇക്കാര്യം രാഹുല്‍ഗാന്ധിയയും, എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍മുല്ലപ്പള്ളി രാമചന്ദ്രനേയും ഇവര്‍ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ വന്‍ അഴിച്ചുപണിയ്ക്ക് കളമൊരുങ്ങിയിട്ടുണ്ട്. എകെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അഭിപ്രായം പരിഗണിച്ചശേഷം, ഹൈക്കമാന്‍ഡ് പുതിയ കെപിസിസി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പുതിയ പട്ടികയില്‍ നിലവില്‍ ഇടംപിടിച്ച 60 വയസ്സിന് മേല്‍ പ്രായമുള്ള, ഗ്രൂപ്പിന്റെ മാത്രം പരിഗണനയില്‍ ഇടംലഭിച്ച പലര്‍ക്കും സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com