കോളജുകളില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണം; സ്വാശ്രയ കോളജുകളെ നിലയ്ക്ക് നിര്‍ത്താന്‍ നിയമം ഉടന്‍

വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന രീതിയില്‍ സ്വാശ്രയ കോളജുകളില്‍ സിസി ടിവികള്‍ സ്ഥാപിക്കരുതെന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മീഷന്‍ ശുപാര്‍ശ
കോളജുകളില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണം; സ്വാശ്രയ കോളജുകളെ നിലയ്ക്ക് നിര്‍ത്താന്‍ നിയമം ഉടന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന രീതിയില്‍ സ്വാശ്രയ കോളജുകളില്‍ സിസി ടിവികള്‍ സ്ഥാപിക്കരുതെന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മീഷന്‍ ശുപാര്‍ശ. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് മുന്നോടിയായി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ്  ജസ്റ്റീസ് കെ.കെ ദിനേശന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെ സര്‍ക്കാര്‍ നിയമിച്ചത്. ഈ നിര്‍ദേശങ്ങള്‍ പഠിച്ച് സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തും. 

ശുപാര്‍ശയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍: 

ലിങ്‌തോ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളജുകളില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണം. ഇന്റര്‍ണല്‍ അസസ്‌മെന്റ് ഒഴികെ ഒഴികെ വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാതലത്തില്‍ ഓംബുഡ്‌സമാനെ നിയമിക്കണം. 

സ്വാശ്രയ കോളജുകളില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ മാനേജ്‌മെന്റുകളില്‍ നിന്ന് ഒറ്റത്തവണ കരുതല്‍ നിക്ഷേപം സ്വീകരിച്ച് ഫണ്ടു രൂപീകരിക്കണം. വിദ്യാര്‍ത്ഥികളില്‍ നിന്ന് കോളജുകള്‍ കോഷന്‍ ഡിപ്പോസിറ്റ് സ്വീകരിക്കുന്ന മാതൃകയില്‍ കോളജുകളില്‍ നിന്ന് അഫിലിയേഷന്‍ സമയത്ത് നിശ്ചിത തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നിക്ഷേപം സ്വീകരിക്കണം. 

സംസ്ഥാനത്തെ 989 സ്വാശ്രയ കോളജുകളില്‍ നിന്നും പണം സ്വീകരിച്ച് കരുതല്‍ നിക്ഷേപമുണ്ടാക്കണം. ഈ തുക കൈകാര്യം ചെയ്യുന്നതിന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിക്കണം. അഹര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവായ്പയും ഈ തുകയില്‍ നിന്ന് അനുവദിക്കാം. തുക തിരിച്ചടയ്ക്കാതിരുന്നാല്‍ നിയമനടപടി പാടില്ലെന്നും ശുപാര്‍ശയില്‍ പറയുന്നു. 

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ യോഗ്യരായ അധ്യാപകരുടെ സാനിധ്യം ഉറപ്പുവരുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച ബയോമെട്രിക് ഹാജര്‍,സി.സി ടിവി സംവിധാനങ്ങള്‍ എത്രയും വേഗം ഒരുക്കണം.യോഗ്യതയുള്ള അധ്യാപകരെയാണ് നിമയിക്കുന്നതെന്നും ഇവര്‍ അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ടെന്നും സര്‍വകലാശാലകള്‍ ഉറപ്പാക്കണം. 

പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാനേജ്‌മെന്റുകള്‍ അമിത ഫീസ് ഈടാക്കുന്നു എന്ന പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കണം. 
മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രേഡിങ് ഉള്‍പ്പെടെ അക്കാദമിക മികവ് പ്രസിദ്ധീകരിക്കണം. സര്‍വകലാശാലകള്‍ ഇവ ശേഖരിച്ച് വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക്് മാനേജ്‌മെന്റുകള്‍ പിഴ ചുമത്തുന്നത് നിയമംവഴി നിരോധിക്കണം. 

ട്യൂഷന്‍ ഫീസിനു പുറമേ,വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി ഈടാക്കുന്ന പണം മുഴുവന്‍ തലവരിപ്പണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന രീതിയില്‍ നിയമം നിര്‍മ്മിക്കണം. വിദ്യാര്‍ത്ഥികളില്‍ നിന്ന് വരുംവര്‍ഷത്തിലെ ഫീസ് മുന്‍കൂറായി പിരിക്കുന്നത് അവസാനിപ്പിക്കണം. 

വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേറ്റുകള്‍ തടഞ്ഞുവെയ്ക്കാന്‍ പാടില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകള്‍ സംയോജിപ്പിച്ച് സര്‍ക്കാര്‍ കോളജുകളാക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com