'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്'; കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി
'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്'; കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ന്യൂഡല്‍ഹി : ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണകടത്തുകാരന്റെ ആഡംബര കാറില്‍ സഞ്ചരിച്ച സംഭവം ബിജെപി ദേശീയ തലത്തില്‍ ഇടതുപക്ഷത്തിനെതിരെ പ്രചരണായുധമാക്കുന്നു. ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ആഡംബര വാഹനമായ മിനികൂപ്പറില്‍ സഞ്ചരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ ചിത്രം സഹിതമാണ് ട്വീറ്റ്. 

കൂടാതെ ഈ സംഭവത്തിന്റെ വീഡിയോയും മീനാക്ഷി ലേഖി ട്വിറ്ററില്‍ ചേര്‍ത്തിട്ടുണ്ട്. ഹവാല ഇടപാടുകാരന്‍ കാരാട്ട് ഫൈസലുമായുള്ള കോടിയേരി ബാലകൃഷ്ണന്റെ ബന്ധം വെളിച്ചത്തുവന്നു എന്ന പ്രതികരണത്തോടെയാണ് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതായാത്ര കൊടുവള്ളിയിലെത്തിയപ്പോഴാണ് വിവാദ സംഭവം ഉണ്ടായത്. കൊടുവള്ളിയില്‍ കോടിയേരിക്ക് സഞ്ചരിക്കാനായി പ്രാദേശിക നേതൃത്വം ഏര്‍പ്പെടുത്തിയ തുറന്ന കാറാണ് വിവാദത്തിലേക്ക് വലിച്ചിട്ടത്. സ്വര്‍ണ കടത്തുകേസില്‍ ഉള്‍പ്പെട്ട കാരാട്ട് ഫൈസലിന്റേതായിരുന്നു ആഡംബര കാര്‍. കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് ഫൈസല്‍. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനൊപ്പമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്റെ തുറന്ന കാറില്‍ സഞ്ചരിച്ചത്. 

കോടിയേരി സ്വര്‍ണകടത്തു കേസിലെ പ്രതിയുടെ കാറിലാണ് സഞ്ചരിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗാണ് ആദ്യം രംഗത്തുവന്നത്. പിന്നാലെ ബിജെപിയും വിഷയം ഏറ്റെടുക്കുകയും, സംഭവം വിവാദമാകുകയുമായിരുന്നു. ഇതോടെ, വാഹന യാത്രയില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com