തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റി; സിപിഐയ്ക്ക് അതൃപ്തി

ഇത് മുന്നണിയില്‍ വീണ്ടും സിപിഎം-സിപിഐ പോരിന് വഴിയൊരുക്കും
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റി; സിപിഐയ്ക്ക് അതൃപ്തി

തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി. സിപിഐ നോമിനിയായിരുന്നു രഞ്ജിത് തമ്പാന്‍. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു. 

റവന്യൂവകുപ്പിനെ വിശ്വാസത്തിലെടുക്കാത്ത നടപടികള്‍ ആവര്‍ത്തിച്ചുണ്ടാകുന്നതില്‍ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടയിലാണ് എ.എ.ജിയെ മാറ്റിയിരിക്കുന്നത്. ഇത് മുന്നണിയില്‍ വീണ്ടും സിപിഎം-സിപിഐ പോരിന് വഴിയൊരുക്കും. 

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്തംഗം നല്‍കിയ കേസില്‍ ഹൈക്കോടതി റവന്യൂ വകുപ്പിന്റെ നിലപാട് ആരാഞ്ഞിരുന്നു. കൈയേറ്റം സ്ഥിരീകരിക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ട് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കി. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കേ എ.എ.ജിയെ ഒഴിവാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിമര്‍ശനം. 

കളക്ടറുടെ റിപ്പോര്‍ട്ടുപ്രകാരം കായലും പുറമ്പോക്കും കൈയേറിയതിന് ക്രിമിനല്‍ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. റവന്യു വകുപ്പും സിപിഐയും വിഷയത്തില്‍ സ്വീകരിക്കുന്ന കര്‍ശന നിലപാട് മുഖ്യമന്ത്രി കാര്യമാക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

ഹരിത ട്രിബ്യൂണലിലെ മൂന്നാര്‍ കേസില്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കാന്‍ ശ്രമമുണ്ടായിരുന്നു.സിപിഐ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചെങ്കിലും സിപിഎമ്മിന്റെ കര്‍ഷകസംഘടനയെ കക്ഷിചേര്‍ക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com