റവന്യൂമന്ത്രിയെ തള്ളി അഡ്വക്കേറ്റ് ജനറല്‍: "മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്ന കാര്യം പരിഗണിക്കാം"

കേസില്‍ ഹാജരാകാന്‍ നിശ്ചയിച്ചിട്ടുള്ള  സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെ നിലവില്‍ മാറ്റേണ്ട സാഹചര്യമില്ല
റവന്യൂമന്ത്രിയെ തള്ളി അഡ്വക്കേറ്റ് ജനറല്‍: "മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്ന കാര്യം പരിഗണിക്കാം"

കൊച്ചി : തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ ഹാജരാകുന്നതില്‍ നിന്നും അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന റവന്യൂമന്ത്രിയുടെ ആവശ്യം അഡ്വക്കേറ്റ് ജനറല്‍ തള്ളി. കേസില്‍ മുന്‍നിശ്ചയപ്രകാരം സ്‌റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ തന്നെ ഹാജരാകുമെന്ന് എജി സുധാകരപ്രസാദിന്റെ ഓഫീസ് റവന്യൂമന്ത്രിയെ അറിയിച്ചു. സോഹനെ മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും എജിയുടെ ഓഫീസ് അറിയിച്ചു. 

കേസില്‍ ആര് ഹാജരാകണമെന്നത് എജിയുടെ വിവേചനാധികാരമാണ്. കേസില്‍ ഹാജരാകാന്‍ നിശ്ചയിച്ചിട്ടുള്ള  സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെ നിലവില്‍ മാറ്റേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്ന കാര്യം പരിഗണിക്കാം. കേസില്‍ സംസ്ഥാന താല്‍പ്പര്യം മുന്‍നിര്‍ത്തി കേസ് നടത്തുമെന്നും എജിയുടെ ഓഫീസ് റവന്യൂമന്ത്രിയെ അറിയിച്ചു. 

സിപിഐ നോമിനി കൂടിയായ അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാനെ കേസില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂമന്ത്രി രേഖാമൂലം അഡ്വക്കേറ്റ് ജനറലിന് കത്തു നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന കേസുകളില്‍ അഡീഷണല്‍ എജി ഹാജരാകുകയെന്ന പതിവ് തെറ്റിക്കരുതെന്നും കത്തില്‍ റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്ന് എജിയുടെ ഓഫീസ് അറിയിച്ചത്. എജിയുടെ നിലപാട് റവന്യൂ വകുപ്പിന് കനത്ത തിരിച്ചടിയാണ്. 

തോമസ് ചാണ്ടിക്കെതിരായ ഭൂമി, കായല്‍ കൈയേറ്റ ആരോപണങ്ങളില്‍ കളക്ടറുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളണമെന്ന നിലപാടിലാണ് സിപിഐയും റവന്യൂ വകുപ്പും. എന്നാല്‍ മന്ത്രിയുടെ തീരുമാനത്തിന് വിരുദ്ധമായി കൂടുതല്‍ നിയമോപദേശം തേടാമെന്ന റിപ്പോര്‍ട്ടാണ് റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്. കുര്യന്റെ ശുപാര്‍ശ പരിഗണിച്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാനാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. 

മുഖ്യമന്ത്രിയുടെ ഈ നടപടിയില്‍ റവന്യൂവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. കൂടാതെ രഞ്ജിത്ത് തമ്പാനെ നീക്കിയ വിവരം റവന്യൂവകുപ്പിനെ അറിയിക്കുക പോലും ചെയ്തില്ല എന്നതും മന്ത്രിയെയും സിപിഐയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. 
തോമസ് ചാണ്ടി കേസില്‍ സിപിഐ നോമിനിയായ അഡീഷണല്‍ എജി രഞ്ജിത്ത് തമ്പാന്‍ ഹാജരാകുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും സിപിഐ നേതൃത്വം കണക്കുകൂട്ടുന്നു. ഭരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സിപിഐയും മന്ത്രിയ്ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com