ഇനി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ക്യൂ നിന്ന് സമയം കളയേണ്ട; വരുന്നൂ ലിക്കര്‍ വെന്‍ഡിംഗ് മെഷീന്‍..?

ലിക്കര്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനായുള്ള നിര്‍ദേശം ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു
ഇനി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ക്യൂ നിന്ന് സമയം കളയേണ്ട; വരുന്നൂ ലിക്കര്‍ വെന്‍ഡിംഗ് മെഷീന്‍..?

തിരുവനന്തപുരം : മദ്യപര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ ക്യൂ നിന്ന് സമയം കളയേണ്ടി വരില്ല. മദ്യത്തിനായി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിനായുള്ള നിര്‍ദേശം ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. സാധാരണ രീതിയില്‍ പണം നിക്ഷേപിച്ച ശേഷം, ഓരോരുത്തര്‍ക്കും വേണ്ട ബ്രാന്‍ഡ് ഏതാണെന്ന് രേഖപ്പെടുത്തിയ ബട്ടണ്‍ അമര്‍ത്തുന്നതോടെ മദ്യം ലഭ്യമാകും. 

എന്നാല്‍ ഒരാള്‍ക്ക് നിലവില്‍ നിശ്ചയിച്ചിട്ടുള്ള പരിധിയ്ക്ക് അകത്ത് മാത്രമേ ഇങ്ങനെ മദ്യം ലഭ്യമാകൂ. മദ്യത്തിന് വില നൂറിന്റെ ഗുണിതങ്ങളായി വില നിശ്ചയിക്കാനാണ് ആലോചന. ബിവറേജസ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ സംസ്ഥാന ടാക്‌സ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ആദ്യഘട്ടത്തില്‍ ഏറ്റവും തിരക്കുള്ള ഔട്ട്‌ലെറ്റുകള്‍ക്ക് സമീപം വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ആലോചിക്കുന്നത്. മദ്യലഭ്യത കൂട്ടുകയല്ല, മറിച്ച് മദ്യം ലഭിക്കുന്നതിന് നിലവിലെ പ്രയാസം കുറയ്ക്കുക, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് അവസാനിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. 

നേരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ക്യൂ ഒഴിുവാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ബിവറേജസ് കോര്‍പ്പറേഷനോട് ചോദിച്ചിരുന്നു. പൊരിവെയിലത്ത് ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്കായി വെയിറ്റിംഗ് ഏരിയ അടക്കമുള്ള സൗകര്യങ്ങല്‍ ഒരുക്കുന്നതിനെ കുറിച്ച് ആലോചിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലിക്കര്‍ വെന്‍ഡിംഗ് മെഷീന്‍ എന്ന ആശയവുമായി കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മുന്നിലെത്തിയിട്ടുള്ളത്. 

തിരക്കുള്ള ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കോര്‍പ്പറേഷന്‍ ഇതിനകം ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നേറുകയാണ്. 75 ഓളം ഔട്ട്‌ലെറ്റുകളില്‍ ഇതിനകം ഡെബിറ്റ് കാര്‍ഡ് വഴി മദ്യം വാങ്ങുന്നതിനുള്ള മെഷീനുകള്‍ നല്‍കി. കംപ്യൂട്ടര്‍ വല്‍ക്കരണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്തുള്ള ഔട്ട്‌ലെറ്റ്, അവിടെ ലഭ്യമാകുന്ന ബ്രാന്‍ഡുകള്‍ എന്നിവ അറിയാനാകുന്ന മൊബൈല്‍ അപ്പ് വികസിപ്പിക്കാനും ബിവറേജസ് കോര്‍പ്പറേഷന് പദ്ധതിയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com