കോടിയേരിയുടെ കാര്‍ യാത്ര വിവാദം; എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്‌

കാരാട്ട് റസാഖ് എംഎല്‍എയ്‌ക്കെതിരെ മുസ്ലീം ലീഗ് നടത്തുന്ന പ്രചാരണം ചെറുക്കുക കൂടി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
കോടിയേരിയുടെ കാര്‍ യാത്ര വിവാദം; എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്‌

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഡംബര കാര്‍ യാത്ര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. കൊടുവള്ളിയിലാണ് രാഷ്ട്രീയ വിശദീകരണ യോഗം. 

കാരാട്ട് റസാഖ് എംഎല്‍എയ്‌ക്കെതിരെ മുസ്ലീം ലീഗ് നടത്തുന്ന പ്രചാരണം ചെറുക്കുക കൂടി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. കോടിയേരിയുടെ ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ വിവാദത്തില്‍ അകപ്പെടുകയായിരുന്നു. കാര്‍ വിവാദത്തില്‍ പ്രാദേശീക നേതൃത്വത്തിന് വീഴ്ച പറ്റിയതായി സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. വിവാദത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായും കോടിയേരിയുടെ തലയില്‍ വയ്ക്കാനാവില്ലെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചും, സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയുമായിരുന്നു കോടിയേരിയുടെ ജനജാഗ്രതാ യാത്ര. വിശദീകരണ യോഗത്തില്‍ എളമരം കരീം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. 

കോടിയേരിയുടെ യാത്രയ്ക്ക് നേരത്തെ തീരുമാനിച്ച വാഹനം കേടുവന്ന സാഹചര്യത്തിലാണ് ഈ വാഹനം ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് എല്‍ഡിഎഫ് നേതൃത്വമോ കോടിയേരിയോ അറിഞ്ഞിട്ടില്ലന്നുമാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കാര്‍ ഉപയോഗിച്ചതിലൂടെ യാത്രയുടെ ശോഭ കെടുത്തിയതായും സിപിഎം ജില്ലാ കമ്മറ്റിയോഗം വിലയിരുത്തി

സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനം ഉപയോഗിച്ചതിനെതിരെ നിരവധി കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനും ലീഗ് നേതാവ് മായിന്‍ ഹാജിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഉപയോഗിച്ചതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യനിലപാട്. പിന്നാലെയാണ് വീഴ്ച സംഭവിച്ചതായി വിലയിരുത്തി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവന ഇറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com