വിഷ്ണുനാഥിനെ വിട്ടു കളിയില്ല; നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി 

കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് പി.സി വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി
വിഷ്ണുനാഥിനെ വിട്ടു കളിയില്ല; നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി 

കൊച്ചി: കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് പി.സി വിഷ്ണുനാഥിനെ ഒഴിവാക്കാനാകില്ലെന്ന നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി. വിഷ്ണുനാഥ് എഐസിസി സെക്രട്ടറിയാണെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മപ്പെടുത്തി. അതേസമയം തന്നെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയോ എന്നതിനെക്കുറിച്ച് അറിയില്ലെന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. 24 വയസ്സുമുതല്‍ എഴുകോണില്‍ നിന്നും കെപിസിസി അംഗമാണ് താന്‍. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും വിഷ്ണുനാഥ് പ്രതികരിച്ചു. 

പി.സി വിഷ്ണുനാഥിന്റെ അംഗത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി നിലപാട് ശക്തമാക്കിയതിന് പിന്നാലെ ഹൈക്കമാന്‍ഡും കര്‍ക്കശ തീരുമാനത്തിലേക്ക് നീങ്ങിയിരുന്നു. അംഗങ്ങളുടെ പട്ടിക സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി വിഷ്ണുനാഥിനെ ഒഴിവാക്കിയതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. 

പി.സി വിഷ്ണുനാഥിനെ കൊല്ലം ജില്ലയിലെ എഴുകോണ്‍ ബ്ലോക്കില്‍ നിന്നും കെപിസിസി അംഗമാക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നീക്കം. എന്നാല്‍ വിഷ്ണുനാഥിനെ എഴുകോണില്‍ നിന്നും കെപിസിസിയിലേക്ക് കൊണ്ടുവരുന്നതിനെ കൊടിക്കുന്നില്‍ സുരേഷ് എംപി എതിര്‍ക്കുകയാണ്. തന്റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നാണ് കൊടുക്കുന്നിലിന്റെ ആവശ്യം. എന്നാല്‍ പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റെ പേര് കണ്ടതോടെ പരാതിയുമായി കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ഗാന്ധിയെ സമീപിക്കുകയായിരുന്നു. 

എന്നാല്‍ വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നിലപാടെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥ് ഗ്രൂപ്പ് നോമിനിയായിട്ടല്ല പട്ടികയില്‍ ഇടംനേടിയതെന്നും എ ഗ്രൂപ്പ് വാദിക്കുന്നു. കൊല്ലം ഡിസിസി പ്രസിഡന്റായിരുന്ന വി സത്യശീലനായിരുന്നു നേരത്തെ എഴുകോണില്‍ നിന്നുള്ള കെപിസിസി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com