ആര്‍ക്ക് കേസ് കൊടുക്കണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് എജി; നിയമം വായിച്ചു പഠിക്കാന്‍ സിപിഐ; തോമസ് ചാണ്ടിയില്‍ പുകഞ്ഞ് ഇടതുമുന്നണി

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ സിപിഐയും എജിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു
ആര്‍ക്ക് കേസ് കൊടുക്കണം എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് എജി; നിയമം വായിച്ചു പഠിക്കാന്‍ സിപിഐ; തോമസ് ചാണ്ടിയില്‍ പുകഞ്ഞ് ഇടതുമുന്നണി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ സിപിഐയും എജിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. റവന്യു വകുപ്പിനെ അവഗണിച്ച് അഭിഭാഷകനെ ഏര്‍പ്പെടുത്തിയ വിവാദത്തില്‍ നിലപാട് മയപ്പെടുത്തായെ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് വീണ്ടും രഗത്തെത്തി. ആര്‍ക്ക് കേസ് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും  എജിയുടെ ഓഫീസ് ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ എജിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും കേസ് മാറ്റി നല്‍കിയ ചരിത്രം ഇല്ലെന്നും കഴിഞ്ഞ ദിവസം എജി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിലപാട് മയപ്പെടുത്താനില്ലെന്ന് വ്യക്തമാക്കി എജി രംഗത്തെത്തിയിരിക്കുന്നത്. 

അതേസമയം എജിയുടെ ഈ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജോന്ദ്രന്‍ വീണ്ടും രംഗത്തെത്തി. സ്‌റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണെന്നും എജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. 1994ല്‍ കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണ് എജിയും സര്‍ക്കാരും തമ്മിലുള്ളതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ക്കൂടുതല്‍ അധികാരങ്ങള്‍ എജിക്കില്ലെന്നും കാനം തുറന്നടിച്ചു. 

തോമസ് ചാണ്ടി വിഷയം ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്നതിന്റെ സൂചനകളാണ് എജിയും സിപിഐയും തമ്മിലുള്ള വാക്‌പോര് നല്‍കുന്നത്. കയ്യേറ്റ വിവാദത്തില്‍ തുടക്കംമുതല്‍ തോമസ് ചാണ്ടിക്കെതിരെയുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ സിപിഎം കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com