ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍; എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടും അശോകന്റെ ഹര്‍ജിയും പരിഗണനയ്ക്ക്

എന്‍ഐഎ അന്വേഷണം നിയമവിരുദ്ധമാണെന്നും, കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഷഫിന്‍ ജഹാന്‍
ഹാദിയ കേസ് ഇന്ന് സുപ്രീംകോടതിയില്‍; എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ടും അശോകന്റെ ഹര്‍ജിയും പരിഗണനയ്ക്ക്

ന്യൂഡല്‍ഹി : ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയുടെ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോടതി നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ ജസ്റ്റിസ് രവീന്ദ്രന്റെ അഭാവത്തിലും എന്‍ഐഎ അന്വേഷണവുമായി  മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞദിവസമാണ് എന്‍ഐഎ മുദ്രവെച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

അതേസമയം എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്ത് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനും കോടതിയെ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ എന്‍ഐഎ അന്വേഷണം എതിര്‍ക്കുന്ന ഷഫിന്‍ ജഹാന്‍, ജസ്റ്റിസ്  ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലല്ലാതെ എന്‍ഐഎ നടത്തിയ അന്വേഷണം കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. കേസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് കഴിഞ്ഞദിവസം ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കഴിഞ്ഞദിവസം കോടതിയില്‍ ആരോപിച്ചിരുന്നു. 

അതിനിടെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. ഷഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്നാണ് അശോകന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഭീകരബന്ധത്തിന് എന്‍ഐഎ കുറ്റപത്രം നല്‍കിയ മന്‍സി ബുറാക്കുമായി ഷഫിന്‍ ജഹാന് ബന്ധമുണ്ട്. കോസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായ പണപ്പിരിവ് നടത്തുന്നതായും അസോകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

മെയ് 24 നാണ് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയക് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നടപടി. തുടര്‍ന്ന് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം കോടതി വിടുകയും ചെയ്തു. ഇതിനെതിരെയാണ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com