ഹാദിയയെ നവംബര്‍ 27ന് ഹാജരാക്കാന്‍ പിതാവിന് സുപ്രിം കോടതി നിര്‍ദേശം

അടച്ചിട്ട മുറിയില്‍ വിചാരണ നടത്തണമെന്ന, ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല
ഹാദിയയെ നവംബര്‍ 27ന് ഹാജരാക്കാന്‍ പിതാവിന് സുപ്രിം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഇസ്ലാമിലേക്കു മതം മാറി വിവാഹം വിവാഹം ചെയ്തതിനെത്തുടര്‍ന്ന് വിവാദത്തിലായ വൈക്കം സ്വദേശി ഹാദിയയെ നവംബര്‍ 27ന് സുപ്രിം കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഹാദിയയെ വിവാഹം കഴിച്ച ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും മറ്റു ഹര്‍ജികളുമാണ് സുപ്രിം കോടതി പരിഗണിച്ചത്. 

ഹാദിയയെ നവംബര്‍ 27ന് ഉച്ചയ്ക്കു മൂന്നു മണിക്കു ഹാജരാക്കാന്‍ പിതാവ് അശോകന് കോടതി നിര്‍ദേശം നല്‍കി. തുറന്ന കോടതിയിലാണ് ഹാദിയയ്ക്കു പറയാനുള്ള കേള്‍ക്കുക. അടച്ചിട്ട മുറിയില്‍ വിചാരണ നടത്തണമെന്ന, ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയുടെ വാദം കേട്ട ശേഷം പിതാവിന്റെയും എന്‍ഐഎയുടെയും വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനു ശേഷമായിരിക്കും കേസില്‍ അന്തിമ തീരുമാനമെടുക്കുക. ഹാദിയയ്ക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ചുമതലയും സംസ്ഥാന സര്‍ക്കാരിനാണ്. 

ഹാദിയയുടെ ഭാഗം കേള്‍ക്കാതെ ഈ കേസില്‍ ഇനി മുന്നോട്ടുപോവാനാവില്ലെന്ന്, രണ്ടു മണിക്കൂര്‍ നേരം നീണ്ട വാദം കേള്‍ക്കലിനിടെ ചീഫ് ജസ്റ്റിസ് ദീപക്  മിശ്ര വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് നവംബര്‍ 27ന് ഹാദിയയെ ഹാജരാക്കാന്‍ അശോകന് കോടതി നിര്‍ദേശം നല്‍കിയത്. അന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്ന് അശോകനും എന്‍ഐഎയ്ക്കും കോടതി ഉറപ്പു നല്‍കി. ഹാദിയയുടെ വാദം കേട്ട ശേഷം അശോകന്റയും എന്‍ഐഎയുടെയും ഭാഗംകേള്‍ക്കും. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവില്‍ ഈ കേസില്‍ ഈ നാലു ഭ്ാഗങ്ങള്‍ മാത്രം കേള്‍ക്കാനാണ് കോടതി ഉദ്ദേശിച്ചിട്ടുള്ളത്. കേസില്‍ കക്ഷി ചേരാനുള്ള നിരവധി അപേക്ഷകള്‍ കോടതിക്കു മുന്നിലുണ്ട്. സംസ്ഥാന വനിതാ കമ്മിഷന്‍ അടക്കം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയവരോട്, ഈ ഘട്ടത്തില്‍ കേസില്‍ കക്ഷി ചേരുന്നത് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമൂഹത്തിന്റെ വികാരം അനുസരിച്ച് കോടതിക്കു തീരുമാനമെടുക്കാനാവില്ലെന്നു വ്യക്തമാക്കിയ ബെഞ്ച് ഭരഘടനയും നിയമങ്ങളുമാണ് കോടതിയുടെ മുന്നിലുള്ളതെന്ന് ചൂണ്ടിക്കാട്ടി.

ഹാദിയയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ വാദിച്ചു. സൈക്കോളജിക്കല്‍ കിഡ്‌നാപ്പിങ് ആണ് ഈ കേസില്‍ നടന്നിരിക്കുന്നതെന്ന് എന്‍ഐഎ അഭിഭാഷകന്‍ വാദിച്ചു. എന്‍ഐഎ അന്വേഷണവും വിവാഹം റദ്ദാക്കലും വ്യത്യസ്ത കാര്യങ്ങളാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തി വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന് അനുബന്ധമായി, പ്രായപൂര്‍ത്തിയായ ഒരാള്‍ ക്രിമിനലിനെ വിവാഹം കഴിച്ചാല്‍ പോലും കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com