ആരോപണങ്ങള്‍ നിഷേധിച്ചത് അപകീര്‍ത്തികരമെന്ന് അനില്‍ അക്കര ; സി രവീന്ദ്രനാഥിന് വക്കീല്‍ നോട്ടീസ്

തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സിപിഎം പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റുകള്‍ മന്ത്രിയുടെ അറിവോടെ
ആരോപണങ്ങള്‍ നിഷേധിച്ചത് അപകീര്‍ത്തികരമെന്ന് അനില്‍ അക്കര ; സി രവീന്ദ്രനാഥിന് വക്കീല്‍ നോട്ടീസ്

കൊച്ചി: അനില്‍ അക്കര എംഎല്‍എയുടെ ആരോപണങ്ങള്‍ നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന് എംഎല്‍എയുടെ വക്കീല്‍ നോട്ടീസ്. ആരോപണങ്ങള്‍ നിഷേധിച്ച് രവീന്ദ്രനാഥ് പുറത്തിറക്കിയ പത്രപ്രസ്താവന സിപിഎം പ്രവര്‍ത്തകര്‍ തന്നെ അപമാനിക്കാന്‍ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് അനില്‍അക്കര എംഎല്‍എ മന്ത്രിക്ക് എതിരെ വക്കീല്‍ നോട്ടീസ് നല്‍കി.  വിദ്യാഭ്യാസമന്ത്രിക്ക് ആര്‍എസ്എസ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രവീന്ദ്രനാഥിന് എതിരെ അനില്‍ അക്കര ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇത് നിഷേധിച്ച് മന്ത്രിയുടെ ലെറ്റര്‍ ഹെഡില്‍ രവീന്ദ്രനാഥ് പത്രപ്രസ്താവന പുറത്തിറക്കിയിരുന്നു. ഇത് മന്ത്രി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് രവീന്ദ്രനാഥിന് എതിരെ അനില്‍ അക്കര വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സിപിഎം പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റുകള്‍ മന്ത്രിയുടെ അറിവോടെയാണ് എന്ന് ചൂണ്ടികാണിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അനില്‍ അക്കരയുടെ നടപടി.   അഡ്വക്കേറ്റ് സി ആര്‍ ജെയ്‌സണ്‍ മുഖനേയാണ് അനില്‍ അക്കര വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

എറണാകുളം ചേരാനെല്ലൂരിലെ ആര്‍എസ്എസ് ശാഖയില്‍ കുട്ടിക്കാലത്ത് ആയിരുന്ന സമയത്ത് രവീന്ദ്രനാഥ് പങ്കെടുത്തു, തൃശൂര്‍ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ എംഎസ്എസി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ എബിവിപി വിദ്യാര്‍ത്ഥി സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്  രവീന്ദ്രനാഥ് നോമിനേഷന്‍ നല്‍കി എന്നി രണ്ട് ആരോപണങ്ങളാണ് മുഖ്യമായി അനില്‍ അക്കര ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെ ഉന്നയിച്ചത്. എന്നാല്‍ ഇതിന് കൃത്യമായി മറുപടി പറയാതെ തെറ്റിദ്ധരിപ്പിക്കുന്ന  പ്രസ്താവന മന്ത്രി പുറത്തിറക്കി എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സര്‍ക്കാര്‍ ലെറ്റര്‍ ഹെഡ് മുഖാന്തിരം തെറ്റായതും കളവായതുമായ പ്രസ്താവന വഴി മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയതായും വക്കീല്‍ നോട്ടീസില്‍ അനില്‍ അക്കര ആരോപിക്കുന്നു. അതിനാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ പ്രസ്താവന പ്രസിദ്ധീകരിച്ച മന്ത്രി രവീന്ദ്രനാഥ് ക്ഷമാപണം നടത്തണമെന്നും അനില്‍ അക്കര ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com