തരൂര്‍ ഓര്‍ത്തുവച്ചു, ഹാപ്പി ബര്‍ത്ത് ഡേ ഉമ്മന്‍ ചാണ്ടി

ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പതിവില്ല, ഉമ്മന്‍ ചാണ്ടിക്ക്. ഭരണത്തില്‍ ഉള്ള സമയത്തും അല്ലെങ്കിലും അതാണ് പതിവ്
തരൂര്‍ ഓര്‍ത്തുവച്ചു, ഹാപ്പി ബര്‍ത്ത് ഡേ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഒക്ടോബര്‍ 31 ചരിത്രത്തില്‍ എന്താണ്? സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും ഇന്ദിരാഗാന്ധിയുടെ ചരമദിനവുമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ പ്രസക്തി ഏറെയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പൂര്‍വാധികം ഭംഗിയായിത്തന്നെ അത് ആചരിക്കുന്നുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നതും ഈ രണ്ടു നേതാക്കളുടെയും ചിത്രങ്ങളാണ്. എന്നാല്‍ ഇതിനിടയില്‍ രാഷ്ട്രീയ പ്രസക്തിയുള്ള ഒരു ജന്മദിനം കൂടിയാണ് ഒക്ടോബര്‍ 31. കേരളത്തിന്റെ ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനമാണിന്ന്. 

ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന പതിവില്ല, ഉമ്മന്‍ ചാണ്ടിക്ക്. ഭരണത്തില്‍ ഉള്ള സമയത്തും അല്ലെങ്കിലും അതാണ് പതിവ്. രാവിലെ പള്ളിയില്‍ പോയി പ്രാര്‍ഥിക്കലില്‍ ഒതുങ്ങും, ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനാഘോഷം. കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്കിടെ അന്‍വര്‍ സാദത്ത് ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനമാണെന്ന് ഓര്‍മിപ്പിച്ചത് വാര്‍ത്തയായിരുന്നു. അപ്പോഴാണ് കൂടെയുള്ളവരും സഭയും മുന്‍ മുഖ്യമന്ത്രിയുടെ ജന്മദിനമാണെന്ന് അറിയുന്നതു തന്നെ. ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ അന്‍വര്‍ സാദത്ത് ഉമ്മന്‍ ചാണ്ടിക്ക് ജ്ന്മദിനാശംസ ചേര്‍ന്ന് സംസാരിച്ചു തുടങ്ങിയപ്പോള്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മറ്റു പലരും ആശംസകള്‍ നേര്‍ന്നു മുന്‍മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിലേക്കു നീങ്ങുകയായിരുന്നു.

ഇത്തവണ ദേശീയ നേതാക്കളുടെ പേരിലുള്ള ദിചാരണങ്ങള്‍ക്കിടയില്‍ ശശി തരൂരാണ് ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനം ഓര്‍മിപ്പിക്കുന്നത്. ജന്മദിനത്തിന് സര്‍ദാര്‍ പട്ടേലിന്റെയും ഓര്‍മദിനത്തില്‍ ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത തരൂര്‍ ഉമ്മന്‍ ചാണ്ടിക്കും ജന്മദിനാശംസ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിക്കൊപ്പം താന്‍ നില്‍ക്കുന്ന ചിത്രവുമായാണ് തരൂരിന്റെ ജന്മദിനാശംസ.

ഉമ്മന്‍ ചാണ്ടിക്കു ജന്മദിനമാഘോഷിക്കുന്ന പതിവില്ലാത്തതിനാലാവാം, തരൂര്‍ ഒഴികെയുള്ള കോണ്‍ഗ്രസ് നേതാക്കളൊന്നും അതറിഞ്ഞ മട്ടില്ല. എന്നാല്‍ ആരാധകരും അനുയായികളും ആശംസകളുമായി രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com