നാലുമെഡിക്കല്‍ കോളേജുകളുടെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 4.85 ലക്ഷം രൂപ ഈ വര്‍ഷത്തെ ഫീസ്

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്
നാലുമെഡിക്കല്‍ കോളേജുകളുടെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു; 4.85 ലക്ഷം രൂപ ഈ വര്‍ഷത്തെ ഫീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ചു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുളള കോളേജുകളിലെ ഫീസാണ് നിശ്ചയിച്ചത്. 4.85 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ ഫീസ്. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളായ പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കല്‍ കോളേജുകളുടെ എംബിബിഎസ് ഫീസാണ് നിര്‍ണയിച്ചത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് ഫീസ് നിശ്ചയിച്ചത്.  അടുത്ത വര്‍ഷം 5.60 ലക്ഷം രൂപ ഫീസായി ഈടാക്കാനും ഇവര്‍ക്ക് സമിതി അനുമതി നല്‍കി. 

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു ഫീസ് നിര്‍ണയ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായുളള ആദ്യഘട്ട നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ആകെ 22 സ്വാശ്രയ കോളജുകളില്‍ മുക്കം കെഎംസിടി കോളജിന്റെ ഫീസ് നിര്‍ണയം മാത്രമാണ് ഇതുവരെ സമിതി പൂര്‍ത്തിയാക്കിയത്. 2016-17 സാമ്പത്തിക വര്‍ഷം 4.15 ലക്ഷം രൂപയും 17-18 സാമ്പത്തിക വര്‍ഷത്തില്‍ 4.80 ലക്ഷം രൂപയുമാണു ഫീസ് നിശ്ചയിച്ചത്.

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും കല്‍പ്പിത സര്‍വകലാശാലകളിലും എംബിബിഎസ് പ്രവേശനത്തിന് അഞ്ചര ലക്ഷംരൂപ വാര്‍ഷിക ഫീസാണ് സമിതി ആദ്യം നിശ്ചയിച്ചത്. മെറിറ്റ്, മാനേജ്‌മെന്റ് വ്യത്യാസമില്ലാതെ 85% സീറ്റുകളിലും ഈ നിരക്കു ബാധകമായിരുന്നു. അവശേഷിക്കുന്ന 15% എന്‍ആര്‍ഐ സീറ്റുകളില്‍ ഫീസ് 20 ലക്ഷമായും നിശ്ചയിച്ചു. എന്നാല്‍, ഇതിനെതിരെ മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്തെത്തി. മുന്‍പുള്ള വര്‍ഷം 50% മെറിറ്റ് സീറ്റില്‍ രണ്ടരലക്ഷവും 35% മാനേജ്‌മെന്റ് സീറ്റില്‍ 11 ലക്ഷവുമായിരുന്നു ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 15 ലക്ഷവും.

എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് 85% എംബിബിഎസ് സീറ്റുകളില്‍ വര്‍ഷം അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചു. ബിഡിഎസിന് 85% സീറ്റില്‍ ഫീസ് വര്‍ധിപ്പിച്ച് 2.9 ലക്ഷമാക്കി. നേരത്തെയുള്ളതിനെക്കാള്‍ 40,000 രൂപ കൂടുതല്‍. എംബിബിഎസിന് 15% എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവും ബിഡിഎസിന് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷവും നിശ്ചയിച്ചു. പിന്നീട് 11 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com