സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസിന് ഒപ്പം യുഡിഎഫ് നേതാക്കളും; ചിത്രങ്ങള്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് ഒപ്പമുളള ചിത്രങ്ങള്‍ എല്‍ഡിഎഫിന് ഒപ്പം യുഡിഎഫിനെയും വെട്ടിലാക്കുന്നു
സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസിന് ഒപ്പം യുഡിഎഫ് നേതാക്കളും; ചിത്രങ്ങള്‍ പുറത്ത്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് ഒപ്പമുളള ചിത്രങ്ങള്‍ എല്‍ഡിഎഫിന് ഒപ്പം യുഡിഎഫിനെയും വെട്ടിലാക്കുന്നു. ഇടത് എംഎല്‍എമാര്‍ അബു ലൈസിന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍  കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഇടതു ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അബു ലൈസിന് ഒപ്പം  യുഡിഎഫ് നേതാക്കളും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖും, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും ദുബായ് പഞ്ചനക്ഷത്ര ഹോട്ടലില്‍ അബു ലൈസിന് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വ്യക്തിപരമായി തനിക്ക് അബുലൈസുമായി യാതൊരു ബന്ധവുമില്ലെന്ന് പി കെ ഫിറോസ് സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ബന്ധം തെളിയിച്ചാല്‍ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് ഫിറോസ് വെല്ലുവിളിച്ചു. അബുലൈസിനെ നേരിട്ട്് പരിചയമില്ലെന്ന് ടി സിദ്ദിഖും പ്രതികരിച്ചു.. ഇതിനിടെ അബു ലൈസിന്റെ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ബന്ധവും ചര്‍ച്ചയാകുകയാണ്. 


സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായിരിക്കെയാണ് രണ്ട് ഇടത് എംഎല്‍എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്തായത്. റവന്യൂ ഇന്റലിജന്‍സ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച അബു ലൈസിന് ഒപ്പം പി ടി എ റഹീം, കാരാട്ട് റസാഖ് എന്നി എം എല്‍ എമാര്‍ നില്‍ക്കുന്ന ചിത്രം ഇടതു ക്യാമ്പില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ജനുവരി രണ്ടിനാണ് എംഎല്‍എമാര്‍ ദുബായ് സന്ദര്‍ശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com