'സത്യസരണി'ക്കെതിരെ വീണ്ടും പരാതി, മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മാതാപിതാക്കള്‍; പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദേശം

സംസ്ഥാനത്ത് ലവ് ജിഹാദിന്റെ പേരില്‍ പെണ്‍കുട്ടികളെ കടത്തുന്നില്ലെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ട ഏജന്‍സിയാണ് പൊലീസെന്ന് കോടതി
'സത്യസരണി'ക്കെതിരെ വീണ്ടും പരാതി, മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മാതാപിതാക്കള്‍; പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മകളെ ഇസ്ലാമിലേക്കു മതം മാറ്റി ഐഎസില്‍ ചേര്‍ക്കുന്നതിനായി സത്യസരണിയില്‍ തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് മാതാപിതാക്കളുടെ പരാതി. ഇരുപതു വയസുകാരിയായ മകളെ തിരുവനന്തപുരം സ്വദേശിയായ യുവാവ് മതംമാറ്റാന്‍ ശ്രമിക്കുകയാണെന്ന് ക്രിസ്തുമത വിശ്വാസികളായ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ച കോടതി, യുവാവിനൊപ്പം പോയ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. പെണ്‍കുട്ടിയെ ഈ മാസം 14ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

മഞ്ചേരിയിലെ സത്യസരണി എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ മകളെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നത്. മകളെ ഇസ്ലാമിലേക്കു മതം മാറ്റി ഐഎസില്‍ ചേര്‍ക്കുന്നതിനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമാണ് നീക്കം. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പെണ്‍കുട്ടിയെ മതം മാറ്റുന്നതില്‍നിന്ന് ട്രസ്റ്റിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാദിയ കേസില്‍ അന്വേഷണ പരിധിയിലുള്ള ട്രസ്റ്റാണ് ഇതെന്ന് ഹര്‍ജിയില്‍ എടുത്തുപറയുന്നുണ്ട്.

കഴിഞ്ഞ ജൂണ്‍ ആറിനാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു. 

പെണ്‍കുട്ടി കോടതിയുടെ അധികാര പരിധി വിട്ടു പോവില്ലെന്ന് ഉറപ്പു വരുത്താനാണ് പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇതിനു വേണമെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ഹോസ്റ്റലിലേക്കു മാറ്റാവുന്നതാണ്. മാതാപിതാക്കള്‍ക്ക് കുട്ടിയെ കാണാന്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ലവ് ജിഹാദിന്റെ പേരില്‍ പെണ്‍കുട്ടികളെ കടത്തുന്നില്ലെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ട ഏജന്‍സിയാണ് പൊലീസെന്ന് കോടതി ചൂണ്ടിക്കാട്ടി.

മതം മാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഈ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. മതം മാറ്റ വിവാഹങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിം കോടതി ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com