പിണറായി ഇരട്ടച്ചങ്കന്‍ തന്നെ; മുഖ്യമന്ത്രിയെ പ്രശംസയില്‍ മുക്കി വെള്ളാപ്പള്ളി നടേശന്‍

ഇത്രയും മാരകമായ വേട്ടയാടലിനെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവുമെന്നു തോന്നുനിന്നില്ലെന്ന് വെള്ളാപ്പള്ളി
പിണറായി ഇരട്ടച്ചങ്കന്‍ തന്നെ; മുഖ്യമന്ത്രിയെ പ്രശംസയില്‍ മുക്കി വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലാവലിന്‍ കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യോഗം മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി പിണറായിയെ പ്രശംസ കൊണ്ടു മൂടിയിരിക്കുന്നത്. 

രണ്ടു ദശാബ്ദത്തിലേറെയായി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലും സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും ചൂടും ചൂരും പകര്‍ന്ന ലാവലിന്‍ കേസിന് ഹൈക്കോടതി വിധിയോടെ അവസാനമായിരിക്കുകയാണെന്ന്, കൊടുങ്കാറ്റിനെ അതിജീവിച്ച പിണറായി വിജയം എന്ന മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി പറയുന്നു. ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും ലാവലിന്‍ കേസ് എന്ന ആയുധം പ്രതിപക്ഷം തേച്ചു മൂര്‍ച്ച കൂട്ടുമ്പോള്‍ ആ തീയില്‍നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിച്ചത് ആരെന്ന് കേരളം കണ്ടതാണ്. ഇത് രാഷ്ട്രീയ പ്രേരിതമായ ആരോപണവും വേട്ടയാടലുമാണെന്ന് എസ്എന്‍ഡിപി യോഗം അന്നേ പറഞ്ഞതാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഇതിനെ അതിജീവിക്കാന്‍ കഴിവുള്ള ഇരട്ട ചങ്കനാണ് പിണറായി വിജയനെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. 

സിവി പദ്മരാജന്‍, ജി കാര്‍ത്തികേയന്‍ എന്നിവരുടെ കാലത്തുണ്ടാക്കിയ കരാര്‍ മുന്നോട്ടുകൊണ്ടുപോവുക മാത്രമാണ് പിണറായി വിജയന്‍ ചെയ്തത്. അതോടൊപ്പം കരാറിനു സാമൂഹിക പ്രതിബദ്ധത കൂടി കൊണ്ടുവരികയായിരുന്നു പിണറായി. കരാറിന്റെ ആധികാരികതയ്ക്കും സൂക്ഷ്മതയ്ക്കും വേണ്ടി ഉദ്യോഗസ്ഥരുമായി കാനഡയില്‍ പോവുകയും മലബാര്‍ കാന്‍സര്‍ സെന്ററിനു സഹായ വാഗ്ദാനം നേടിയെടുക്കുകയും ചെയ്തു. പിന്നീടു വന്ന മന്ത്രിമാര്‍ക്ക് ഈ സഹായം വാങ്ങിയെടുക്കാനായില്ല. ഇതിന്റെ പേരില്‍ കേരളം ഭരിച്ച യുഡിഎഫും കേന്ദ്രം ഭരിച്ച യുപിഎയും സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് അരങ്ങൊരുക്കുകയായിരുന്നു. ഒരേസമയം പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തെ പ്രതിപക്ഷത്തുനിന്നുമുള്ള ആക്രമണത്തെ ചങ്കൂറ്റത്തെ നേരിടുകയാണ് ഈ കേസില്‍ പിണറായി വിജയന്‍ ചെയ്തത്.

കേന്ദ്രം ഭരിക്കുന്നവര്‍ തങ്ങള്‍ക്കു വഴങ്ങാത്തവരെ ചൂണ്ടുവിരലിട്ടു നിയന്ത്രിക്കുവാന്‍ സിബിഐയെ പലപ്പോഴും കരുവാക്കിയിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ലാവലിന്‍ കേസ്. ഈ കേസ് അന്വേഷിച്ച മറ്റൊരു ഏജന്‍സിയും പിണറായിക്കെതിരെ കാര്യമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. പിണറായി വിജയന്റെ പതനം കാത്തിരിക്കുന്നവരുടെ രാഷ്ട്രീയ ആയുധമായി മാറുകയായിരുന്നു സിബിഐ. 

ഇത്രയും മാരകമായ വേട്ടയാടലിനെ അതിജീവിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവുമെന്നു തോന്നുനിന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ മുഖപ്രസംഗത്തില്‍ പറയുന്നു. സിപിഎമ്മിന്റെ ആഭ്യന്തര ചര്‍ച്ചയില്‍ ലാവലിന്‍ കേസിന് അനുമതി നല്‍കിയവരും നിര്‍ബന്ധിച്ചവരും കാവലാളായി നിന്നവരും പോരുകാളയുടെ വാശിയോടെ ആക്രമിക്കുന്നതാണ് നാം കണ്ടത്. ആരാലും തകര്‍ക്കാന്‍ പറ്റാത്തതാണ് പിണറായി വിജയന്റെ മനശക്തിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

പിണറായി വിജയന്റെ മനസില്‍ വികസന സങ്കല്‍പ്പങ്ങളുണ്ട്. സാധാരണക്കാരന്റെ ദൈന്യത കാണാന്‍ കഴിയുന്ന കനിവുണ്ട്. അഴിമതിക്കെതിരെ തീക്ഷ്ണതയുള്ള കണ്ണുകളുണ്ട്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. ആര്‍എസ്എസ് സംഘപരിവാര്‍, ബിജെപി രാഷ്ട്രീയത്തിനെതിരെ സിപിഎമ്മിന്റെ പോര്‍മുഖങ്ങളില്‍ പിണറായി എന്നും മുന്‍പന്തിയിലുണ്ട്്. അതുകൊണ്ടുതന്നെ ദേശീയതലത്തില്‍ പിണറായി വിജയന്‍ കൂടുതല്‍ സ്വീകാര്യനാവുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com