ഗാന്ധിജിക്കു പോലും അവര്‍ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ;  ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാന്‍ ഏഴുവെടിയുണ്ടകള്‍ ആവശ്യമായിരുന്നില്ലല്ലോ; എംബി രാജേഷ്

ഉറങ്ങാന്‍ പോലും സമയമില്ലാത്ത വിധം രാഷ്ട്രസേവനം നടത്തുന്നുവെന്ന് ഭക്തര്‍ അവകാശപ്പെടുന്ന പ്രധാനമന്ത്രി തിരക്കിനിടയിലും പിന്തുടരുന്നത് കുറച്ചാളുകളെയാണ്
ഗാന്ധിജിക്കു പോലും അവര്‍ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ;  ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാന്‍ ഏഴുവെടിയുണ്ടകള്‍ ആവശ്യമായിരുന്നില്ലല്ലോ; എംബി രാജേഷ്

ന്യൂഡല്‍ഹി: മുതിര്‍ന്ന് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധവുമായി എം ബി രാജേഷ് എംപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  പ്രതിഷേധവുമായി രാജേഷ് രംഗത്തെത്തിയത്.

ആ മെലിഞ്ഞ ശരീരത്തെ നിശ്ചലമാക്കാന്‍ ഏഴുവെടിയുണ്ടകള്‍ ആവശ്യമായിരുന്നില്ലല്ലോ. ഗാന്ധിജിക്കു പോലും അവര്‍ മൂന്നെണ്ണമല്ലേ ചെലവിട്ടുള്ളൂ. കൊല്ലാന്‍ ഹൃദയം പിളര്‍ന്ന ഒരൊറ്റയണ്ണം മതിയായിരുന്നല്ലോ. എന്നിട്ടും മറ്റൊന്ന് നെറ്റിയിലേക്കു തന്നെ തൊടുത്തതെന്തുകൊണ്ടായിരിക്കും? മൂര്‍ച്ചയുള്ള ചോദ്യങ്ങളുടെ പ്രഭവകേന്ദ്രമായ ആ തലച്ചോറിനോടുള്ള ഭയം തന്നെയാവണം. 

അന്റോണിയോ ഗ്രാംഷിയുടെ തലച്ചോറിനെ നിശ്ചലമാക്കണമെന്നായിരുന്നല്ലോ മുസോളിനിയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇറ്റാലിയന്‍ കോടതിയില്‍ അന്ന് ആവശ്യപ്പെട്ടത്.ചിന്തിക്കുന്ന തലച്ചോറുകളോടുള്ള ഭയവും പകയും അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. മുസോളിനിയുടെ ഇറ്റലിയിലായാലും ഹിറ്റ്‌ലറുടെ ജര്‍മ്മനിയിലായാലും മോദിയുടെ ഇന്ത്യയിലായാലും അതങ്ങിനെ തന്നെ.
 
പിന്നെ മരണത്തിന്റെ ആഘോഷം. കൊല ഉത്സവമാക്കുന്നവര്‍ മരണം ആഘോഷിക്കുന്നതില്‍ എന്തത്ഭുതം? ഗാന്ധിജിയുടെ കൊലയും അക്കൂട്ടര്‍ ഉത്സവമായി ആഘോഷിച്ചതാണല്ലോ. ശാഖകളില്‍ മധുരം നുണഞ്ഞും പടക്കം പൊട്ടിച്ചും ഗാന്ധിഹത്യ ആഘോഷമാക്കിയതിനെക്കുറിച്ച്, മൂന്നു പതിറ്റാണ്ട് ഗാന്ധിജിയുടെ നിഴലായിരുന്ന പ്യാരേലാല്‍ 'ഗാന്ധി ദി ലാസ്റ്റ് ഫേസ്' എന്ന പുസ്തകത്തില്‍ പറഞ്ഞതോര്‍ക്കുന്നില്ലേ? അന്ന് ട്വിറ്ററും ഫേസ്ബുക്കുമില്ലാതിരുന്നത് കൊണ്ടാവണം ശാഖകളിലും തെരുവിലുമായി ആഘോഷം ഒതുക്കിയത്. ആഘോഷം അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമായിരുന്നില്ല. തിരുവനന്തപുരത്തെ അന്നത്തെ ആഘോഷത്തെക്കുറിച്ച് ഒ.എന്‍.വി. വ്രണിത ഹൃദയനായി പറഞ്ഞതും മറക്കാറായില്ലല്ലോ.

അനന്തമൂര്‍ത്തി അവരെ അല്പം നിരാശപ്പെടുത്തി. വെടിയുണ്ടക്കു കാത്തുനില്‍ക്കാതെ മരിച്ചുകളഞ്ഞു. കൊലയുടെ ലഹരി ആസ്വദിക്കാനായില്ലെങ്കിലും ആഘോഷം ഒട്ടും കുറച്ചില്ല. ഗൗരിയുടെ ഊഴമായപ്പോഴേക്കും ആഘോഷത്തിനുള്ള എല്ലാ ചേരുവകളും ഒത്തു വന്നിരുന്നു. ഗാന്ധിജിയുടെ കാലത്ത് നിന്ന് 'ഡിജിറ്റല്‍ ഇന്ത്യ'യായി നാട് വളര്‍ന്നതുകാരണം അതിവിശാലമായ സൈബര്‍സ്‌പേസിലായിരുന്നു ആഘോഷിച്ചു തിമിര്‍ത്തത്. ആഘോഷത്തിന്റെ നേതൃത്വം വെറും ഭക്തര്‍ക്കായിരുന്നില്ല. പ്രധാനമന്ത്രി പോലും ട്വിറ്റ്വെറില്‍ പിന്തുടരുന്നത്ര പരമയോഗ്യരായ വരേണ്യ സംഘികള്‍ക്കായിരുന്നു. 

ഉറങ്ങാന്‍ പോലും സമയമില്ലാത്ത വിധം രാഷ്ട്രസേവനം നടത്തുന്നുവെന്ന് ഭക്തര്‍ അവകാശപ്പെടുന്ന പ്രധാനമന്ത്രി തിരക്കിനിടയിലും പിന്തുടരുന്നത് കുറച്ചാളുകളെയാണ്. കണ്ട അലവലാതി കമ്മികളേയും കൊങ്ങികളേയുമൊന്നും പിന്തുടരുന്നയാളല്ല പ്രധാനമന്ത്രി എന്നും ഓര്‍ക്കണം. അത്രയും യോഗ്യരായ അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവര്‍, വെടിയേറ്റ് ചിതറിയ ഒരു സ്ത്രീയുടെ മൃതശരീരം ചിതയിലേക്കെടുക്കും മുമ്പ് വിഷം ചീറ്റാന്‍ തുടങ്ങിയെങ്കില്‍ വിഷസംഭരണി എവിടെയാണെന്ന് അറിയാന്‍ പ്രയാസമുണ്ടോ? കൂട്ടത്തിലുള്ള ചിലര്‍ക്കു പോലും സഹികെട്ട് പറയേണ്ടിവന്നില്ലേ 'കൊല ഇങ്ങനെ പരസ്യമായി ആഘോഷിക്കുന്നത് വളരെ മോശ'മാണെന്ന്. എന്നിട്ടും ഇതെഴുതും വരെ പ്രധാനമന്ത്രിക്ക് എന്തേ അങ്ങിനെ തോന്നാത്തത്? അവരെ പിന്തുടരേണ്ടെന്ന് പോലും വെക്കാത്തത്? എന്തേ ഒരു ദുര്‍ബ്ബല വാക്കു കൊണ്ടു പോലും അപലപിക്കാത്തത് ?

ഇനി പിന്നീടെപ്പോഴെങ്കിലും കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടതുപോലെയോ മറ്റോ തോന്നുമായിരിക്കും.
പട്ടിക്കുഞ്ഞുങ്ങള്‍ ഫാസിസ്റ്റ് അധികാര രഥചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞുകൊണ്ടേയിരിക്കുകയാണ്. 
വാതില്‍പ്പടികളില്‍ മരണം മുട്ടിവിളിച്ചുകൊണ്ടേയിരിക്കുകയാണ്. വെടിയുണ്ടകള്‍ നെഞ്ചും നെറ്റിയും പിളര്‍ന്ന് ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുകയാണ്. കത്തിച്ചുവച്ച മെഴുകുതിരികളും അനുശോചന യോഗങ്ങളും മതിയാവില്ല. 

ബ്രെഹ്ത് ഹിറ്റ്‌ലറുടെ ജര്‍മ്മനിയെ ചൂണ്ടിപ്പറഞ്ഞു. 'ഭയമാണിവിടെ ഭരിക്കുന്നത്. ഇന്ത്യ ഭയത്തിന്റെ റിപ്പബ്ലിക്കായിത്തീരാതിരിക്കാന്‍ അനുഷ്ഠാനങ്ങള്‍ക്കപ്പുറം പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാം. 
' വരൂ....ഈ തെരുവുകളിലെ രക്തം കാണൂ.....'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com