കന്യാമറിയം കന്യകയല്ല; യേശുവിന്റെ ജീവിതത്തെ തുറന്നു കാണുന്ന ദൈവാവിഷ്ടര്‍ എന്ന നോവലിനെതിരെ വാളെടുക്കുന്നവര്‍ക്ക് മറുപടി

അശ്ലീല സാഹിത്യം എന്ന് വരെ ചിലര്‍ ദൈവാവിഷ്ടര്‍ എന്നതിനെ കുറിച്ച് പറയുന്നത് കേട്ടു
കന്യാമറിയം കന്യകയല്ല; യേശുവിന്റെ ജീവിതത്തെ തുറന്നു കാണുന്ന ദൈവാവിഷ്ടര്‍ എന്ന നോവലിനെതിരെ വാളെടുക്കുന്നവര്‍ക്ക് മറുപടി

യേശു ക്രിസ്തുവിന്റെ ജീവിതത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണുന്ന യുവ എഴുത്തുകാരി ലിജി മാത്യുവിന്റെ ദൈവാവിഷ്ടര്‍ ഇതിനോടകം തന്നെ വിശ്വസികള്‍ ചോദ്യം ചെയ്ത് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ ആക്രമണമാണ്‌ എഴുത്തുകാരിക്ക് നേരെ ഉയരുന്നത്. ജനപ്രീതിയും, നോവലിന്റെ വിറ്റുവരവുമാണ് എഴുത്തുകാരി ലക്ഷ്യം വയ്ക്കുന്നതെന്ന ആക്ഷേപവും ചിലര്‍ ഉയര്‍ത്തുന്നു.

എന്നാല്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ് ദൈവാവിഷ്ടര്‍ എന്ന തന്റെ നോവലെന്നാണ് എഴുത്തുകാരി ലിജി മാത്യു പറയുന്നത്. ''നമ്മുടെ സഭയില്‍ തന്നെയുള്ള ഒരു വ്യക്തി ഇങ്ങനെയൊരു നോവല്‍ എഴുതിയിട്ടുണ്ട്. ഒരാളും അത് വായിച്ചു പോകരുത്'' എന്ന നിര്‍ദേശമാണ് ഒരു പള്ളീലച്ഛന്‍ വിശ്വാസികളോട് പറഞ്ഞിരിക്കുന്നതെന്ന് അറിയാനായതായി ലിജി മാത്യു പറയുന്നു. ഇങ്ങനെ പുസ്തകം വായിക്കുക പോലും ചെയ്യാതെയാണ് തനിക്കെതിരേയും പുസ്തകത്തിനെതിരേയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഓരോരുത്തരും നടത്തുന്നതെന്ന് ലിജി മാത്യു സമകാലിക മലയാളത്തോട് പറഞ്ഞു.

ദൈവാവിഷ്ടര്‍ എന്ന പുസ്തകത്തെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍, അതില്‍ ഇതിവൃത്തപരമായി വന്ന ചില പരാമര്‍ശങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത വിവാദം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഉദാഹരണമായി ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വന്ന വാര്‍ത്തയില്‍ പറയുന്നത് ജറുസലേം ദേവാലയത്തിലെ ഹന്നാസ് എന്ന പുരോഹിതന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കന്യാമറിയത്തിലുണ്ടായ കുഞ്ഞാണ് യേശു എന്നാണ് ദൈവാവിഷ്ടര്‍ എന്ന നോവലില്‍ പറയുന്നതെന്നാണ്. ഇത് മാത്രം എടുത്ത് ഹൈലൈറ്റ് ചെയ്യുന്നതിലൂടെ ജനങ്ങളുടെ മനസില്‍ തെറ്റായ വികാരം ഉണ്ടാക്കുകയാണ്. 

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ നോവല്‍ സൂക്ഷമ നിരീക്ഷണത്തോടെ വായിക്കുന്നവര്‍ക്ക് യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കുഞ്ഞ് സൂചന നല്‍കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ കന്യാമറിയം ഗര്‍ഭം ധരിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നിരത്തി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയല്ല ചെയ്തിരിക്കുന്നത്.

പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളുടെ ആധികാരികതയാണ് പലരും ചോദ്യം ചെയ്യുന്നത്. എന്നാല്‍ ബൈബിളില്‍ അംഗീകൃതമായ നാല് സുവിശേഷങ്ങളാണ് ഉള്ളത്. ഇതിന്റെ ആധികാരികത ഏത് ചരിത്ര ഗവേഷകനാണ് സത്യമാണെന്ന് പറഞ്ഞിട്ടുള്ളതെന്നും ലിജി മാത്യു ചോദിക്കുന്നു. 

കുറേയൊക്കെ ഭാവന ഉള്‍പ്പെടുത്തി വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുകയാണ് ദൈവാവിഷ്ടര്‍. അത് ഒരു ചരിത്ര ഗ്രന്ഥമല്ല, നോവലാണ്. നോവല്‍ എപ്പോഴും ഒരു ഭാവനാ സൃഷ്ടിയാണ്. 

അശ്ലീല സാഹിത്യം എന്ന് വരെ ചിലര്‍ ദൈവാവിഷ്ടര്‍ എന്നതിനെ കുറിച്ച് പറയുന്നത് കേട്ടു. എന്നാല്‍ ആ പുസ്തകം ചികഞ്ഞ് നോക്കിയാല്‍ പോലും മോശമായ രീതിയില്‍ ഒരു വാക്ക് പോലും കണ്ടെത്താന്‍ സാധിക്കില്ല. 

അടിയുറച്ചു പോയ വിശ്വാസങ്ങള്‍ ഉണ്ടാകാം. മറിയത്തിന് ദിവ്യ ഗര്‍ഭത്തിലൂടെ ഉണ്ടായ കുഞ്ഞാണ് യേശു എന്നതുള്‍പ്പെടെയുള്ള വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഇത് വായിക്കുമ്പോള്‍ ഒരു ഞെട്ടല്‍ ഉണ്ടായേക്കാം. എന്നാല്‍ ആരുടേയും മനസ് കെടുത്തണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ല. 

സ്ത്രീകളില്‍ ഒരുവള്‍ പുരുഷ സംസര്‍ഗമില്ലാതെ താന്‍ ഗര്‍ഭവതിയായി എന്ന് വാദിച്ചാല്‍ ആ വാദം നമുക്ക് ശുദ്ധ നുണയായി തോന്നും. അതുകൊണ്ട് തന്നെ കന്യാമറിയത്തെ കന്യക എന്ന് വിളിക്കാനാകില്ല. ഇങ്ങനെ യുക്തിഭദ്രമായി തോന്നാത്ത വിശ്വാസങ്ങളെ തുറന്നു പറയുകയാണ് ദൈവാവിഷ്ടറിലെന്ന് ലിജി മാത്യു പറയുന്നതായി ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്തകള്‍ വന്നതോടെ രൂക്ഷ പ്രതികരണമായിരുന്നു ഉയര്‍ന്നത്. 

ഞാന്‍ വായിച്ചതില്‍ നിന്നും എത്തിച്ചേര്‍ന്ന ചില നിഗമനങ്ങളില്‍ നിന്നും, എഴുതാതിരിക്കാന്‍ കഴിയാത്ത വിധം കഥ അലട്ടിയത് കൊണ്ടുമാണ് ദൈവാവിഷ്ടറിന്റെ രചനയിലേക്ക് കടന്നത്. ബൈബിളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന കാരണം-പ്രതിഫലനം എന്ന രീതിയില്‍, യുക്തിസഹമായിട്ട് അവതരിപ്പിക്കാവുന്ന, അത്ഭുതാംശങ്ങളെ മാറ്റിനിര്‍ത്തിയാല്‍ എന്ത് സംഭവിക്കാം എന്ന രീതിയില്‍ ഒരു കഥാ ഘടനയാണ് രൂപപ്പെടുത്തിയത്. പക്ഷേ കഥാഘടനയ്ക്ക് രണ്ടാം സ്ഥാനം മാത്രമേ ഉള്ളു. മുന്നോട്ടു വെച്ച ആശയങ്ങള്‍ക്കാണ് പ്രാധാന്യം. 

യോഹന്നാനും യേശുവും ഇരട്ടപെറ്റ സഹോദരന്മാര്‍. യൂദാസിന്റെ ഉറ്റസൗഹൃദവും ലാസറിന്റെ സഹോദരി മറിയത്തിന്റെ തീവ്രപ്രണയവും ക്രിസ്തുവിനെ സമ്പൂര്‍ണ മനുഷ്യനാക്കി. യഹൂദരുടെ രാജാവും രക്ഷകനും നായകനുമായി മാറിയ ക്രിസ്തുവിനെ റോമാക്കാരും യഹൂദപുരോഹിതരും ചേര്‍ന്ന് കുരിശില്‍ തറച്ചത് യഹൂദപ്രമാണിയായ അരിമഥ്യക്കാരന്‍ ജോസഫിന്റെ തന്ത്രം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭാവനയുടെ അകമ്പടി കൂടി കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ദൈവാവിഷ്ടരില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com