ഡിഫ്തീരിയ വീണ്ടും വ്യാപകമാകുന്നു: കോഴിക്കോട് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് നാദാപുരം സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡിഫ്തീരിയ വീണ്ടും വ്യാപകമാകുന്നു: കോഴിക്കോട് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നിന്നും തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഡിഫ്തീരിയ രോഗം തിരിച്ചു വന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മറ്റൊരാള്‍ നാദാപുരം ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ചവര്‍ ഇതിനിടെ നടന്ന പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം രോഗികളുമായി അടുത്തിടപഴകുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ വാക്‌സിനെടുക്കണം. ഡിഫ്ത്തീരിയ ബാധിച്ച ആളുടെ വീടിനുസമീപത്തെ 100 വീട്ടുകാരും പ്രതിരോധകുത്തിവെപ്പെടുക്കണം. 

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരച്ച കുട്ടികളുടെ വീടീന് സമീപത്തെ നൂറ് വീടുകളിലെ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കാനാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലുള്ള വിദ്യാര്‍ഥികള്‍ക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും  രോഗലക്ഷണം ഉണ്ടോ എന്നും പരിശോധിക്കും. ഡിഫ്തീരിയ ഉണ്ടെന്ന് കണ്ടെത്തിയാല്‍ വിദഗ്ധ ചികിത്സ നല്‍കാനും തീരുമാനമായിട്ടുണ്ട്.  

കഴിഞ്ഞ വര്‍ഷം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 23 പേരാണ് ഡിഫ്ത്തീരിയയുമായി ചികിത്സതേടിയത്. 16പേര്‍ മെഡിക്കല്‍ കോളേജിലും ഏഴു കുട്ടികള്‍ മാതൃശിശുസംരക്ഷണകേന്ദ്രത്തിലും അഡ്മിറ്റായി. ഇതില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. 

പ്രതിരോധ വാക്‌സിനേഷനിലൂടെ നിര്‍മാര്‍ജനം ചെയ്ത ഇത്തരം മാരക പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ സമീപിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും. കൃത്യസമയത്ത് കുത്തിവെയ്‌പെടുക്കാത്തതാണ് ഡിഫ്ത്തീരിയയ്ക്ക് കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് വയസ്സിനുള്ളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട അഞ്ച് കുത്തിവെയ്പുകളെ അവഗണിക്കുന്നതാണ് കാരണംമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

2000 മുതലാണ് കേരളത്തില്‍ ചിലയിടങ്ങളില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമാണ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടും പാലക്കാടും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധ വാക്‌സിനേഷനിലൂടെ നിര്‍മാര്‍ജനം ചെയ്ത ഇത്തരം മാരക പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്നത് അധികൃതര്‍ ഗൗരവത്തോടെ സമീപിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകും. ഡിഫ്തീരിയ ബാധിച്ചവര്‍ക്കുള്ള ആന്റി ടോക്‌സിന്‍ ലഭ്യതക്കുറവും ഡോക്ടര്‍മാരെ വലക്കുന്നുണ്ട്.

പനിയും തൊണ്ടവേദനയും സാധനങ്ങള്‍ ഇറക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ ആദ്യ ലക്ഷണം. കുറച്ച് കഴിയുമ്പോള്‍ ശ്വാസം മുട്ടും അനുഭവപ്പെടും. അവസാന ഘട്ടത്തില്‍ ഇത് ഹൃദയത്തിലെയും മറ്റു നാഡികളെയും മാരകമായി ബാധിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com