മോഹന്‍ലാലിനും, പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് കിട്ടാന്‍ താമസിക്കും; ആദ്യം ഷാര്‍ജ ഭരണാധികാരിക്കെന്ന് കാലിക്കറ്റ്‌ സര്‍വകലാശാല

പ്രോട്ടോക്കോള്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു
മോഹന്‍ലാലിനും, പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് കിട്ടാന്‍ താമസിക്കും; ആദ്യം ഷാര്‍ജ ഭരണാധികാരിക്കെന്ന് കാലിക്കറ്റ്‌ സര്‍വകലാശാല

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പ്രഖ്യാപിച്ച ഡോക്ടറേറ്റ് നടന്‍ മോഹന്‍ലാലിനും, കായികതാരം പി.ടി.ഉഷയ്ക്കും സെപ്തംബര്‍ 26ന് നടക്കുന്ന ചടങ്ങില്‍ നല്‍കില്ല. ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ വരുമ്പോഴുണ്ടാകുന്ന പ്രോട്ടോക്കോള്‍, സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ തീരുമാനം.

പ്രോട്ടോക്കോള്‍, സുരക്ഷ പ്രശ്‌നങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും, സംസ്ഥാന സര്‍ക്കാരും അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാലിനേയും, പി.ടി.ഉഷയേയും 26ന് നടക്കുന്ന ചടങ്ങില്‍ വെച്ച് ആദരിക്കേണ്ടതില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചത്. ഇവരെ മറ്റൊരു ദിവസം നടക്കുന്ന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കി ആദരിക്കും. 

ആഗസ്റ്റ് 19ന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗമായിരുന്നു മോഹന്‍ലാല്‍, പി.ടി.ഉഷ, ഷെയ്ക്ക് സുല്‍ത്താന്‍ എന്നിവര്‍ക്ക് ഹോണററി ഡിലിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ മോഹന്‍ലാലിനും, പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ മറ്റൊരു ദിവസം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ക.മുഹമ്മദ് ബഷീര്‍ പറയുന്നു. 

26ന് നടക്കുന്ന ചടങ്ങിന് ശേഷം ഒരു മാസത്തിനുള്ളില്‍ മോഹന്‍ലാലിനേയും, പി.ടി.ഉഷയേയും ആദരിക്കുന്നതിനുള്ള ചടങ്ങ് സംഘടിപ്പിക്കും. 

1972 മുതല്‍ ഷാര്‍ജയുടെ ഭരണാധികാരിയാണ് ഷെയ്ക്ക് സുല്‍ത്താന്‍. അന്‍പതിലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം മികച്ച എഴുത്തുകാരന് പുറമെ ചരിത്രഗവേഷകന്‍ കൂടിയാണ്. ചരിത്രത്തില്‍ എക്സ്റ്റര്‍, യുകെ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും ഡോക്ടറേറ്റും, ഫിലോസഫി ഇന്‍ പൊളിറ്റിക്കല്‍ ജിയോഗ്രഫിയില്‍ ദര്‍ഹാം സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com