സംസ്ഥാനത്ത് കൃഷിഭൂമി തരിശിടുന്നത് നിരോധിക്കും; പുതിയ നിയമം കൊണ്ടുവരുന്നത് നീതി ആയോഗ് നിര്‍ദേശം തള്ളിക്കളഞ്ഞ്

പാട്ടകൃഷി നിയമമല്ല, ഉടമയുടെയും ലൈസന്‍സിയുടെയും അവകാശങ്ങള്‍ വ്യക്തമായി നിര്‍വചിക്കുന്ന നിയമമാണ് പരിഗണനയിലെന്ന് കൃഷിമന്ത്രി
സംസ്ഥാനത്ത് കൃഷിഭൂമി തരിശിടുന്നത് നിരോധിക്കും; പുതിയ നിയമം കൊണ്ടുവരുന്നത് നീതി ആയോഗ് നിര്‍ദേശം തള്ളിക്കളഞ്ഞ്

തിരുവനന്തപുരം: കൃഷിയോഗ്യമായ ഭൂമി തരിശിടുന്നത് നിയമം വഴി നിരോധിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പാട്ടകൃഷി നിയമമല്ല, ഉടമയുടെയും ലൈസന്‍സിയുടെയും അവകാശങ്ങള്‍ വ്യക്തമായി നിര്‍വചിക്കുന്ന നിയമമാണ് പരിഗണനയിലെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടമ കൃഷിയിറക്കിയില്ലെങ്കില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പഞ്ചായത്തുകള്‍ക്കോ കൃഷിയിറക്കാം.  ഇതിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കും. കൃഷിക്കായി മുന്നോട്ടുവരുന്നവരുടെയും ഭൂവുടമകളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തേക്കുള്ള ലൈസന്‍സാണ് നല്‍കുക. ഇതിനായുള്ള ലൈസന്‍സിങ് നിയമത്തിന്റെ കരട് തയ്യാറായി.

2022ഓടെ കാര്‍ഷികോത്പാദനം ഇരട്ടിയാക്കാന്‍ പുതിയ പാട്ടകൃഷി നിയമം നടപ്പാക്കണമെന്ന് നീതി ആയോഗ് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ധ്യപ്രദേശ്, രാജസ്ഥാന്‍, യു.പി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ പാട്ടകൃഷി നിയമം നടപ്പാക്കി കഴിഞ്ഞു. എന്നാല്‍ നീതി ആയോഗിന്റെ നിര്‍ദേശം കേരളം തള്ളിക്കളഞ്ഞിരുന്നു. നീതി ആയോഗിന്റെ കരട് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നും അത് സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്നും മന്ത്രി വിശദീകരിച്ചു.

പാട്ടകൃഷിക്ക് ഭൂമി നല്‍കിയാല്‍ തിരിച്ചുകിട്ടുമോ എന്ന ആശങ്ക ഭൂവുടമകള്‍ക്കുണ്ടാകും. അതിനാല്‍, പൂര്‍ണമായും ഭൂവുടമയുടെ അവകാശം ഉറപ്പാക്കിക്കൊണ്ടുമാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവൂ. ലൈസന്‍സ് അനുവദിക്കുമ്പോള്‍ അതിന് വ്യക്തമായ നിബന്ധനകള്‍ ഉണ്ടാവണം.മൂന്നോ നാലോ കൊല്ലം കൃഷിക്ക് ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് അതുമായി ബന്ധപ്പെട്ട സംരക്ഷണം ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തിന്റെ പുതിയനിയമത്തില്‍ ഈ കാര്യങ്ങളാണ് വ്യവസ്ഥ ചെയ്യുകയെന്ന് മന്ത്രി വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com